ദുബൈ: യു.എ.ഇ നിവാസികൾക്ക് ജയ്വാൻ കാർഡ് ഉപയോഗിച്ച് 200 രാജ്യങ്ങളിൽ പണമിടപാട് നടത്താൻ സൗകര്യമൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ പേമെന്റ് നെറ്റ്വർക്ക് ആയ ‘വിസ’യുമായി സഹകരിച്ചാണ് പുതിയ സേവനം സാധ്യമാക്കുക. ഇതിനായി കോബാഡ്ജ് സംവിധാനത്തിലൂടെ ‘ജയ്വാൻ-വിസ’ ഡെബിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കും. ജയ്വാൻ കാർഡ് ദാതാക്കളായ അൽ ഇത്തിഹാദ് പേമെന്റ്സും വിസ അധികൃതരും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ജയ്വാനിന്റെയും വിസയുടെയും ലോഗോ പതിച്ച കാർഡുകളായിരിക്കും പുറത്തിറക്കുക. ഇതുപയോഗിച്ച് 200 രാജ്യങ്ങളിലായി 15 കോടി വ്യാപാരികളുമായി പണമിടപാട് നടത്താനാവുമെന്ന് ഇത്തിഹാദ് പേമെന്റ്സ് അധികൃതർ അറിയിച്ചു. വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും ഓൺലൈൻ ഷോപ്പിങ് സമയങ്ങളിലും ‘ജയ്വാൻ-വിസ’ കാർഡ് ഉപയോഗിച്ച് പേമെന്റ് നടത്താം. വിദേശ രാജ്യങ്ങളിൽ പേമെന്റുകൾക്കായി ഡിസ്കവർ, മാസ്റ്റർ കാർഡ്, വിസ, യൂനിയൻ പേ തുടങ്ങിയ അന്താരാഷ്ട്ര പേമെന്റ് സ്കീമുകളുമായി സഹകരിച്ച് ഒരു കോബാഡ്ജ് കാർഡുകൾ ഇറക്കുമെന്നും നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രാജ്യത്തിനകത്തും ജി.സി.സി രാജ്യങ്ങളിലും മാത്രം പേമെന്റ് നടത്താൻ കഴിയുന്ന മോണോ ബാഡ്ജ് കാർഡുകൾ നേരത്തേ ബാങ്കുകളും ധനഇടപാട് സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പുറമെയാണ് 200 രാജ്യങ്ങളിലേക്ക് പണമിടപാട് വ്യാപിപ്പിക്കാൻ കഴിയുന്ന കോബാഡ്ജ് കാർഡുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്. യു.എ.ഇ പുറത്തിറക്കുന്ന ആദ്യ കോബാഡ്ജ് കാർഡ് ആണ് ‘ജയ്വാൻ-വിസ’ കാർഡ്. രണ്ട് പേമെന്റ് ഇന്റർഫേസ് സംവിധാനങ്ങളെ സംയോജിപ്പിച്ച് പുറത്തിറക്കുന്നതാണ് കോബാഡ്ജ് കാർഡുകൾ.
‘യു.എ.ഇ സ്വിച്’ വഴിയായിരിക്കും ജയ്വാൻ മോണോ ബാഡ്ജ് കാർഡുകൾ ഉപയോഗിച്ച് യു.എ.ഇയിൽ ഇടപാടുകൾ സാധ്യമാക്കുക. എന്നാൽ, ജി.സി.സിക്ക് പുറത്തുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകൾക്ക് വിസയുടെ ആഗോള നെറ്റ്വർക്കായ ‘വിസനെറ്റ്’ ആണ് ഉപയോഗിക്കുക. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജയ്വാൻ കാർഡ് പ്രാദേശികമായും ആഗോള തലത്തിലും ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായതായി ഇത്തിഹാദ് പേമെന്റ് വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞ ചെലവിൽ വ്യക്തികൾക്കും കമ്പനികൾക്കും പണമിടപാടിന് ജയ് വാൻ കാർഡ് സഹായകമാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.
വിസയുമായി സഹകരിച്ച് പുറത്തിറക്കുന്ന പുതിയ കാർഡ് തടസ്സരഹിതവും സുരക്ഷിതവും കാര്യക്ഷമവുമായ കാർഡ്പേമെന്റ് സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് അൽ ഇത്തിഹാദ് പേമെന്റ്സ് ചെയർമാൻ സെയ്ഫ് ഹുമൈദ് അൽ ദാഹ്രി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇപ്പോഴും 30 ശതമാനം ഇടപാടുകളും കാഷ് ഉപയോഗിച്ചാണ് നടക്കുന്നത്. പുതിയ കരാർ നടപ്പാക്കുന്നതിലൂടെയും ആഗോള കമ്പനികളുമായി സഹകരണം തുടരുന്നതിലൂടെയും ഡിജിറ്റൽ പേമെന്റിന്റെ ഗുണം കൂടുതൽ ഇടപാടുകാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് വിസയുടെ ജി.സി.സി ഗ്രൂപ് കൺട്രി മാനേജറും സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. സഈദ ജാഫർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.