പൊതു പാർക്കിങ് മേഖലകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണപത്രത്തിൽ പാർക്കിനും ദുബൈ മുനിസിപ്പാലിറ്റിയും ഒപ്പുവെക്കുന്നു
ദുബൈ: പാർക്കുകൾ ഉൾപ്പെടെ ദുബൈയിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ ദുബൈ മുനിസിപ്പാലിറ്റിയുമായി ധാരണയിലെത്തി. ധാരണപ്രകാരം മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള സഅബീൽ, മുഷ്രിഫ് നാഷനൽ പാർക്ക്, അൽ മംസാർ, അൽ ഖോർ, അൽ സഫ എന്നീ അഞ്ച് പാർക്കുകളിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണം പാർക്കിനായിരിക്കും.
മുനിസിപ്പാലിറ്റിയുടെ കണക്കുകൾ പ്രകാരം ഈ അഞ്ചു പാർക്കുകളിലുമായി കഴിഞ്ഞ വർഷം എത്തിയത് 69.9 ലക്ഷം സന്ദർശകരാണ്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഖുറാനിക് ഗാർഡൻ കഴിഞ്ഞ വർഷം ആകർഷിച്ചത് 18 ലക്ഷം സന്ദർശകരേയും. കൂടാതെ ചിൽഡ്രൻസ് സിറ്റിയും മറ്റു നിരവധി മുനിസിപ്പൽ പാർക്കുകളുടെയും നിയന്ത്രണം നിലവിൽ ദുബൈ മുനിസിപ്പാലിറ്റിക്കാണ്. വൈകാതെ ഇവയുടെ നിയന്ത്രണവും പാർക്കിൻ ഏറ്റെടുത്തേക്കും. ദുബൈയിലെ പൊതു പാർക്കിങ് സൗകര്യങ്ങളുടെ സേവന നിലവാരവും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരു സ്ഥാപനങ്ങളും പരസ്പരം കൈകോർത്തത്. ആസൂത്രണം, മാർഗനിർദേശങ്ങൾ വികസിപ്പിക്കൽ, പെർമിറ്റ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, സേവന നിലവാരം ഉയർത്തുന്നതിനായുള്ള ഡേറ്റ കൈമാറ്റം തുടങ്ങി പ്രധാന മേഖലകളിൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ചട്ടക്കൂടുകളും ധാരണയുടെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.
സുസ്ഥിരവും സ്മാർട്ടുമായ ഭാവിക്കായുള്ള ദുബൈയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സംയോജിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി ധാരണപത്രം യോജിക്കുന്നതായി മുനിസിപ്പാലിറ്റിയുടെ പൊതു സൗകര്യങ്ങളുടെ സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. പുതിയ കരാറിലൂടെ എമിറേറ്റിലെ ബഹുനില പാർക്കിങ് കെട്ടിടങ്ങളുടെ വികസനത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങളാണ് പാർക്കിൻ തേടുന്നത്. കൂടാതെ നിയന്ത്രിത സൗകര്യങ്ങൾ കൈകാര്യം ചെയ്യുക, പ്രധാന പരിപാടികളിൽ മൂല്യവർധിത പാർക്കിങ് സേവനങ്ങൾ എന്നിവയും പാർക്കിൻ നൽകും. സ്വകാര്യ പ്ലോട്ടുകൾ പൊതു പാർക്കിങ് ഏരിയകളായി ഉപയോഗിക്കുന്നതിനുള്ള ഏകീകൃത മാനദണ്ഡങ്ങൾ വികസിപ്പിക്കുക, സ്മാർട്ട് ആക്സസ്, പെമെന്റ് സംവിധാനം എന്നിവ ഉൾപ്പെടെ നൂതനമായ ഗതാഗത പരിഹാരങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പാർക്കിൻ മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.