ദുബൈ എക്സപോയിലെ കേരള വാരവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ മന്ത്രി മുഹമ്മദ്​ റിയാസ് സംസാരിക്കുന്നു


ടൂറിസം മേഖലയിൽ സ്വകാര്യ പങ്കാളിത്ത​ത്തോടെ പദ്ധതികൾ നടപ്പാക്കും -മന്ത്രി റിയാസ്​

ദുബൈ: വിനോദസഞ്ചാര മേഖലയിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുമെന്ന്​ ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസ്​. പ്രവാസികളിൽ നിന്നും യു.എ.ഇ പൗരൻമാരിൽ നിന്നും നിക്ഷേപം ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ എക്സപോയിലെ കേരള വാരവുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സമസ്​ത മേഖലയിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരും. പ്രവാസികൾക്ക്​ മുന്നിൽ വലിയ സാധ്യതയാണ്​ ഇത്​ തുറക്കുന്നത്​. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയിൽ സർക്കാരുമായി കൈകോർക്കാൻ താൽപര്യമുള്ളവർക്ക്​ അവസരങ്ങൾ തുറക്കും. വൈകാതെ ഇത്​ നടപ്പാക്കും. കേരളത്തിലെ സാധ്യതകൾ യു.എ.ഇയിൽ ഉപയോഗപ്പെടുത്താൻ കഴിയണം. ഇതിന്​ പ്രവാസികൾ കേരളത്തിന്‍റെ ടൂറിസം ബ്രാൻഡ്​ അംബാസഡർമാരാകണം.

യു.എ.ഇയിലെ പ്രവാസി മലയാളി നിക്ഷേപകരുമായുള്ള പങ്കാളിത്തത്തിന് സംസ്​ഥാനത്തിന് താൽപ്പര്യമുണ്ട്​. കാരവൻ ടൂറിസം, അറിയപ്പെടാത്തതും ആകർഷണീയമായതുമായ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരൽ, മലബാറിലെ ടൂറിസം സാധ്യതകളുടെ പര്യവേഷണം, സാഹസിക ടൂറിസം തുടങ്ങിയവയാണ് ആകർഷകമായ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രധാന മേഖലകൾ. കായൽ ടൂറിസത്തിനു പുറമേ റിസോർട്ട്​, ഹോട്ടൽ, കാരവൻ പാർക്കുകൾ, ഫാംസ്റ്റേകൾ, സാഹസിക ടൂറിസം, ടൂർ ഓപ്പറേഷൻ എന്നിവയിൽ വലിയ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നത്​.

നിക്ഷേപത്തിനായി മുന്നോട്ടുവരുന്നവർക്ക് കാലതാമസം കൂടാതെ ആവശ്യമായ അനുമതി നൽകുന്നതിനുള്ള നിക്ഷേപസൗഹൃദ സംവിധാനം കേരളത്തിലുണ്ട്. ആഗോളതലത്തിലെ മികച്ച വിപണനക്കാരെന്ന നിലയിലും സ്വകാര്യ സംരംഭകരുടെ പ്രോൽസാഹകർ എന്ന നിലയിലും കേരള ടൂറിസത്തിനുള്ള മുൻതൂക്കം നിക്ഷേപകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. കേരളത്തിലെ ആരോഗ്യ, ആയുർവേദ ചികിഝാരംഗത്തെ മെച്ചപ്പെട്ട സൗകര്യങ്ങളും വിദഗ്ധ സേവനവും യു.എ.ഇ ഉൾപ്പെടെയുള്ള മദ്ധ്യ പൂർവ്വ രാജ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനാകും.

വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നേരിട്ടപ്പോൾ ദുരിതാശ്വാസ, പുനരധിവാസ, പുനരുജ്ജീവന നടപടികളിലൂടെ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന യു.എ.ഇ ഭരണാധികാരികളെയും പ്രവാസികളെയും നന്ദിയോടെ സ്​മരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ എന്നിവരും പ​ങ്കെടുത്തു. ദുബൈ എക്സ്​പോയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്​ മന്ത്രി റിയാസ്​ നേതൃത്വം നൽകും.

Tags:    
News Summary - PA muhammed riyas at Expo 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.