ഓണ്‍ലൈന്‍ വാടക തട്ടിപ്പ്​: ജാഗ്രത പാലിക്കണമെന്ന്​ അബൂദബി പൊലീസ്

അബൂദബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും വ്യാജ വെബ്സൈറ്റുകള്‍ വഴിയും നടക്കുന്ന വന്‍ ഓണ്‍ലൈന്‍ വാടക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവധിക്കാലം ആഘോഷിക്കാന്‍ ഒരുങ്ങുന്ന കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് വ്യാപകമായി തട്ടിപ്പുകാര്‍ വല വീശിയിരിക്കുന്നത്.

വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ആഡംബര സംവിധാനങ്ങളുള്ള വില്ലകള്‍, ഹോളിഡേ ഹോമുകള്‍, മരുഭൂമിയിലെ ക്യാംപുകള്‍ എന്നിവ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. അവധിക്കാലങ്ങളിലും യാത്രാ സീസണുകളിലും താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ക്കായുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ചൂഷണം ചെയ്യാന്‍ സൈബര്‍ ക്രിമിനലുകള്‍ ആവിഷ്‌കരിച്ച പുതിയ തന്ത്രങ്ങളെക്കുറിച്ചുള്ള സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് പൊലീസ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ഔദ്യോഗികമല്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് ഇത്തരം ആകര്‍ഷകമായ ഓഫറുകള്‍ പ്രചരിപ്പിക്കുന്നത്. ഇവരുമായി ബന്ധപ്പെടുന്നവരില്‍ നിന്ന് ബുക്കിങ്​ ഉറപ്പാക്കുന്നതിനായി അഡ്വാന്‍സ് തുകയോ ഡെപ്പോസിറ്റോ ഇന്‍ഷുറന്‍സ് ഫീസോ ആവശ്യപ്പെടും. തുക ലഭിച്ചയുടന്‍ ആശയവിനിമയങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ച് തട്ടിപ്പുകാര്‍ അപ്രത്യക്ഷരാവുകയുമാണ് പതിവ് രീതി. പണം കൈമാറുന്നതിന് മുമ്പ് താമസ സൗകര്യങ്ങളുടെയും ബുക്കിങ്​ പ്ലാറ്റ്ഫോമുകളുടെയും വിശ്വാസ്യത കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

അംഗീകൃത സംവിധാനങ്ങള്‍ മാത്രം ബുക്കിങ്ങിനായി ഉപയോഗിക്കണമെന്നും അപരിചിതരായ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പണം കൈമാറരുതെന്നും പൊലീസ് പ്രത്യേകം ഓർമിപ്പിച്ചു.

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ കാമ്പയിനുകള്‍ തുടരുമെന്നും പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ ഏതെങ്കിലും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അബൂദബി പൊലീസിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ടിങ്​ ചാനലുകളായ 'അമാന്‍' സര്‍വീസ് വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ മറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയോ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Online rental fraud: Abu Dhabi Police urges caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.