പ്ലാസ്റ്റിക് ഇതര പാക്കേജിംഗ് നിർമാണ സംയുക്ത സംരംഭ കരാറിൽ, ഹോട്ട്‌പാക്ക് എംഡിയും ഗ്രൂപ്പ് സിഇഒയുമായ അബ്ദുൽ ജബ്ബാർ പി.ബി.യും, മലേഷ്യ ആസ്ഥാനമായ എച്ച്‌സെഡ് കോർപ്പറേഷൻ സിഇഒ ഡാറ്റോ ഡോ. ഡൊണാൾഡ് യാപ്പും ഒപ്പു വെക്കുന്നു

പ്ലാസ്റ്റിക്കിന് പകരമായി പേപ്പർ ഉൽപ്പന്നങ്ങൾ; ആഗോള വിപണി ലക്ഷ്യമിട്ട് ഹോട്ട്‌പാക്കിന്റെ പുതിയ ബിസിനസ് സഖ്യം

ദുബൈ: യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിങ്​ കമ്പനിയായ ഹോട്ട്‌പാക്ക്, പേപ്പർ അധിഷ്ഠിത ഫുഡ് സർവീസ് പാക്കേജിങ്​ ഉൽപന്നങ്ങളുടെ നിർമാണത്തിൽ മുൻനിരയിലുള്ള മലേഷ്യ ആസ്ഥാനമായ എച്ച്‌.സെഡ് കോർപറേഷനുമായി ​ചേർന്ന്​ സംയുക്ത സംരംഭത്തിന് രൂപം നൽകി. 'എച്ച്‌.സെഡ്.പി ഇക്കോ പാക്കേജിങ്​' എന്ന പേരിലാണ്​ സംരംഭം. ലോകമെമ്പാടും പ്ലാസ്റ്റിക് ഇതര, പ്രകൃതിദത്ത പാക്കേജിങ്​ ഉൽപന്നങ്ങൾക്ക് ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ചുവടുവെപ്പ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ പേപ്പർ ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കും. മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, വടക്കേ അമേരിക്ക തുടങ്ങിയ ആഗോള വിപണികൾ ലക്ഷ്യമിട്ടാണ്​ സംയുക്ത സംരംഭം.

ഇരു കമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ ഉൽപാദന ശേഷി വർധിപ്പിക്കാനും നവീനവും പരിസ്ഥിതി സൗഹൃദവുമായ പാക്കേജിങ്​ ഉൽപന്നങ്ങൾക്ക് വർധിച്ചുവരുന്ന ആവശ്യം കൈകാര്യം ചെയ്യാൻ കഴിയുമെന്നും വിശ്വസിക്കുന്നതായി ഹോട്ട്‌പാക്ക് ഗ്രൂപ്​ സി.ഇ.ഒ പി.ബി. അബ്ദുൽ ജബ്ബാർ വ്യക്തമാക്കി.

ഹോട്ട്‌പാക്കിന്‍റെ അന്താരാഷ്ട്ര വിതരണ ശൃംഖലയും എച്ച്‌.സെഡ് കോർപറേഷന്‍റെ നിർമാണ വൈദഗ്ധ്യവും ഒന്നിക്കുന്നത് വഴി വിപണിയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്ന് എച്ച്‌.സെഡ് കോർപറേഷൻ സി.ഇ.ഒ ഡാറ്റോ ഡോ. ഡൊണാൾഡ് യാപ് പറഞ്ഞു.

1995ൽ ദുബൈയിൽ സ്ഥാപിതമായ ഹോട്ട്‌പാക്കിന് നിലവിൽ 30 കേന്ദ്രങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ വിപുലമായ ബിസിനസ്​ ശൃംഖലയുണ്ട്. പേപ്പർ കപ്പുകൾ, ഫോൾഡിങ്​ കാർട്ടണുകൾ, മറ്റ് പേപ്പർ പാക്കേജിങ്​ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രകൃതിദത്ത, പേപ്പർ അധിഷ്ഠിത ഫുഡ് സർവീസ് ഉത്പന്നങ്ങളിൽ വൈദഗ്ധ്യമുള്ള സ്ഥാപനമാണ് മലേഷ്യ ആസ്ഥാനമായ എച്ച്‌.സെഡ് കോർപറേഷൻ.

പ്രാരംഭ ഘട്ടത്തിൽ റെസ്റ്റോറന്‍റുകൾ, കോഫി ബ്രാൻഡുകൾ, എയർലൈനുകൾ, ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ എന്നിവക്കായി പേപ്പർ കപ്പുകൾ, ഫോൾഡിങ്​ കാർട്ടണുകൾ, പേപ്പർ ബാഗുകൾ എന്നിവ എത്തിക്കും. പ്രധാന അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം ഉറപ്പു വരുത്തുകയും നവീനമായ പേപ്പർ അധിഷ്ഠിത പാക്കേജിങ്​ ഉൽപന്നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിദത്ത ഭക്ഷ്യ പാക്കേജിങ്​ ഉല്‌പന്നങ്ങളുമായി ഹോട്ട്‌പാക്ക് ലോകവിപണിയിൽ മുന്നിരയിലെമെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - Hotpack's new business alliance targets global markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.