അബൂദബി: അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 98 ശതമാനമെന്ന ലക്ഷ്യം കൈവരിച്ച് അബൂദബി എമിറേറ്റ്. സമുദ്ര പരിസ്ഥിതിയിലെ സൂക്ഷ്മജീവികളുടെ ജലഗുണനിലവാര സൂചികയും സുസ്ഥിര മത്സ്യബന്ധന സൂചികയും 100 ശതമാനമെന്ന നിലവാരത്തില്‍ തുടരുകയാണ്.
അടിയന്തര ജലലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി അല്‍ ദഫ്റ, അല്‍ ഐന്‍ മേഖലകളിലെ എട്ട് കേന്ദ്രങ്ങളിലായി 520 ഓളം ഭൂഗര്‍ഭ കിണറുകളില്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ ഉമ്മു ഗഫ, അല്‍ ശുഐബ്, കശൂന എന്നീ പ്രദേശങ്ങളെ പ്രതിദിനം 30,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള നാല് ശുദ്ധീകരണ പ്ലാന്‍റുകള്‍ക്കായി തെരഞ്ഞെടുക്കുകയും ഭൂഗര്‍ഭജല പരിപാലനത്തിനായി പ്രത്യേക നിയമാവലി രൂപീകരിക്കുകയും ചെയ്തു.
യു.എ.ഇ പ്രഡിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ സുസ്ഥിര വികസന ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിലും വന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇ.എ.ഡി ബോര്‍ഡ് ചെയര്‍മാൻ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2026ലെ രണ്ടാമത് അബൂദബി പരിസ്ഥിതി ഏജന്‍സി യോഗത്തിലാണ് സുപ്രധാന പരിസ്ഥിതി സൂചികകള്‍ പുറത്തുവിട്ടത്.
വ്യോമമാര്‍ഗം വഴി ഒരു കോടിയിലധികം വിത്തുകള്‍ വിതറുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും അത്യാധുനിക പരിസ്ഥിതി ഗവേഷണ കപ്പലായ 'ജെയ്വൂണ്‍' ഈ വര്‍ഷം മാത്രം 81 കേന്ദ്രങ്ങളില്‍ നിന്നായി 206 പരിസ്ഥിതി സാമ്പിളുകള്‍ ശേഖരിക്കുകയും 2,868 കിലോമീറ്റര്‍ ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. 2023ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കപ്പല്‍ ഇതുവരെ 50,300 കിലോമീറ്ററിലധികം സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമുദ്ര പരിസ്ഥിതി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി അബൂദബി കോറല്‍ ഗാര്‍ഡന്‍സ് പദ്ധതിയിലൂടെ ഈ വര്‍ഷം 302415 പവിഴപ്പുറ്റുകള്‍ നട്ടുപിടിപ്പിച്ചതോടെ ആകെ പവിഴപ്പുറ്റുകളുടെ എണ്ണം 18 ലക്ഷമായി ഉയര്‍ന്നു. 12,700 കൃത്രിമ പവിഴപ്പുറ്റുകളും നിര്‍മിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.