ഇത്തിഹാദ് റെയിൽ: ആദ്യ പാസഞ്ചർ സർവിസ് ജൂൺ 30ന്

ദുബൈ: യു.എ.ഇയുടെ പൊതുഗതാഗത പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സർവിസ് 2026 ജൂൺ 30ന് ആരംഭിക്കും. 900 കിലോമീറ്ററിലധികം നീളമുള്ള ഈ റെയിൽ ശൃംഖല രാജ്യത്തെ പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറക്കും.

അബൂദബിക്കും ഫുജൈറക്കും ഇടയിലാണ്​ ആദ്യ സർവിസ് ആരംഭിക്കുന്നത്​. അബൂദബി–ഫുജൈറ യാത്രക്ക്​ ഒരു മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിലേക്കാണ് കന്നി യാത്ര. ചൊവ്വാഴ്ച മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ സ്റ്റേഷൻ അബൂദബി കിരീടാവകാശി ശൈഖ്​ ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഉദ്ഘാടനം ചെയ്തതോടെയാണ് പാസഞ്ചർ സർവിസുകളുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.

 

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അബൂദബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. അബൂദബി–ദുബൈ റൂട്ടിൽ തുടർച്ചയായ ട്രെയിൻ സർവിസുകൾ ഉണ്ടായിരിക്കും. അബൂദബി-ദുബൈ റൂട്ടിൽ 57 മിനിറ്റ് ആണ്​ യാത്രാ സമയം ഫുജൈറയിലേക്കുള്ള റൂട്ട് യു.എ.ഇയുടെ കിഴക്കൻ തീരങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ടൂറിസം മേഖലക്ക്​ ഉണർവ് പകരുകയും ചെയ്യും. മുഴുവൻ ശൃംഖലയും പൂർത്തിയാകുമ്പോൾ യു.എ.ഇ.യിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, അൽ ദൈദ്, അൽ ദന്ന, അൽ ഫയ, മദീനത്ത് സായിദ്, മെസൈറ, അൽ മിർഫ, അൽ സില എന്നിവയാണ്​ സ്റ്റേഷനുകൾ.

2026 സെപ്റ്റംബർ 30ന്​ ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും തുറക്കും. രണ്ടു സ്റ്റേഷനും തുറക്കുന്നതോടെ റെയിൽ ശൃംഖല പൊതുജനങ്ങൾക്കായി ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഡിസംബർ 30ന്​ അൽ ദഫ്​റ ട്രെയിൻ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ഷാർജ യൂനിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ ഉദ്​ഘാടനം 2027 മാർച്ച് 30നാണ്​. ഷാർജ ട്രെയിൻ സ്റ്റേഷൻ തുറക്കുന്നതോടെ ഈ റൂട്ട് പൂർണ സജ്ജമാകും. അൽ ദന്ന, അൽ സില, അൽ മിർഫ, മദീനത്ത് സായിദ്, ലിവ എന്നീ ബാക്കി അഞ്ച് സ്റ്റേഷനുകളുടെ ലോഞ്ച് തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

അബൂദബി–ഫുജൈറ റൂട്ടിലെ ടിക്കറ്റ് നിരക്ക്​ കംഫർട്ട് ക്ലാസിന്​ 55 ദിർഹവും പ്രീമിയം ക്ലാസിന്​ 120 ദിർഹവുമാണ്​. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ജൂൺ 23 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വേഗവും ശേഷിയും

13 ട്രെയിനുകളടങ്ങുന്നതാണ് ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ ഫ്ലീറ്റ്. ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണ് ഇവ സഞ്ചരിക്കുക. പ്രമുഖ പാസഞ്ചർ ട്രാൻസ്പോർട്ട് ഓപറേറ്ററായ ‘കിയോലിസ്’ കമ്പനിയുമായി ചേർന്നാണ് ഇത്തിഹാദ് റെയിൽ സർവീസ് നടത്തുന്നത്. ദുബൈ മെട്രോയും നിയന്ത്രിക്കുന്നത് കിയോലിസ് ആണ്. 2030-ഓടെ പ്രതിവർഷം 3.6 കോടി യാത്രക്കാരെ ഈ ശൃംഖല വഴി ലക്ഷ്യമിടുന്നു. റോഡുകളിലെ വാഹനത്തിരക്ക് കുറക്കാൻ ഇത്​ സഹായിക്കും.

ബുക്കിങ്​ 

യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ജൂൺ 23 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

അബൂദബി–ഫുജൈറ  റൂട്ടിലെ ടിക്കറ്റ് നിരക്ക്​

കംഫർട്ട് ക്ലാസ്: 55 ദിർഹം പ്രീമിയം ക്ലാസ്: 120 ദിർഹം  കംഫർട്ട്​ വിഭാഗത്തിൽ 109 ദിർഹമിന്‍റെ ടിക്കറ്റ്നിരക്കിൽ​ 50 ശതമാനം കിഴിവ്​ നൽകിയാണ്​ 55 ദിർഹമായി നിശ്ചയിച്ചത്​. ​പ്രീമിയം വിഭാഗത്തിൽ യഥാർഥ ടിക്കറ്റ്​ നിരക്ക്​ 239 ദിർഹമാണ്​. ഇതും പകുതി നിരക്കിലാണ്​ നൽകുന്നത്​.

സൗകര്യങ്ങൾ

പുതുതായി രൂപകൽപന ചെയ്ത പാസഞ്ചർ സ്റ്റേഷനുകൾ ഒരു ‘ലൈഫ്സ്റ്റൈൽ ഹബ്​’ ആയാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് യാത്രക്കിടയിൽ ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ട്രെയിൻ കാത്തുനിൽക്കുന്ന സമയത്ത് ആസ്വദിക്കാൻ പാകത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കഫേകൾ, റെസ്റ്റോറന്‍റുകൾ, റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ എന്നിവ സ്റ്റേഷനുകളിൽ ലഭ്യമായിരിക്കും.

സ്റ്റേഷനിലേക്ക് ഷട്ടിൽ ബസ്

അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് എത്തുന്നതിനായി ഇത്തിഹാദ് റെയിൽ പ്രത്യേക ഷട്ടിൽ ബസ് സർവീസ് ഒരുക്കുന്നുണ്ട്. 10 ദിർഹം നിരക്കിൽ ഈ ബസ് സർവീസ് വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബുക്ക് ചെയ്യാം. കോർണിഷ് റോഡ് വെസ്റ്റിലുള്ള അഡ്‌നോക് ആസ്ഥാനം, അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ അഡ്‌നെക് സെന്‍റർ, റീം ഐലൻഡിലെ റീം മോൾ എന്നിവിടങ്ങളിൽനിന്ന്​ ബസ് ലഭ്യമാകും.

ആദ്യം പൂർത്തിയായ ഫുജൈറ സ്റ്റേഷനിലേക്ക്​ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 മിനിറ്റ്​, സകംകം കോട്ടയിൽ നിന്ന് അഞ്ചു മിനിറ്റ്​, അംബ്രല്ല ബീച്ചിൽ നിന്ന് ആറു മിനിറ്റ്​ സമയത്തിൽ കാർ യാത്രയിലൂടെ എത്തിച്ചേരാം.

Tags:    
News Summary - Etihad Rail: First passenger service on June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.