അബൂദബി: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് വിരാമമിട്ട് അബൂദബിയിലെ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ മാടമ്പി ജന്മനാട്ടിലേക്ക് മടങ്ങുന്നു. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് സുഹൃത്തുക്കളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കോട്ടപ്പുറം സ്വദേശിയായ സുനിൽ മാടമ്പി 1994 ജനുവരി ഒന്നിനാണ് മുംബൈയിൽ എത്തിയത്. തുടർന്ന് അതേവർഷം ജനുവരി 14-ഓടെ ദുബൈയിലേക്ക് മാറുകയും പിന്നീട് അബൂദബിയിൽ തുടരുകയുമായിരുന്നു. മാർക്കറ്റിങ് രംഗത്ത് 32 വർഷത്തിലേറെയായി സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, 2004 മുതലാണ് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
2007 മുതൽ അബൂദബി ശക്തി തിയറ്റേഴ്സിന്‍റെയും കേരള സോഷ്യൽ സെന്‍ററിന്‍റെയും സജീവ പ്രവർത്തകനായി മാറിയ അദ്ദേഹം നിരവധി നാടക ക്യാമ്പുകളുടെ രക്ഷാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ശക്തി തിയറ്റേഴ്സിന്‍റെ കലാ വിഭാഗം സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2008 മുതൽ അബൂദബി മലയാളി സമാജത്തിലും പ്രവർത്തിച്ചു.
'പെനാൽറ്റി ബോക്സ്' (കഥാസമാഹാരം), 'വിട്ടുപോവാനാവാത്ത ചുംബനങ്ങൾ' (കവിതാലേഖന സമാഹാരം) എന്നീ രണ്ട് പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, കായികരംഗത്തും മികവ് തെളിയിച്ച അദ്ദേഹം തന്‍റെ അമ്പതാം വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി വിസ്മയം സൃഷ്ടിച്ചിരുന്നു.
പ്രവാസ മണ്ണിലെ മികച്ചൊരു കർഷകൻ കൂടിയായ അദ്ദേഹം കഴിഞ്ഞ 25 വർഷമായി അബൂദബിയിലെ തന്‍റെ താമസസ്ഥലത്തെ ടെറസിന് മുകളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. യാത്രയയപ്പ് ചടങ്ങിൽ സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സംസാരിച്ചു. പ്രീതിയാണ് ഭാര്യ. മക്കൾ: ശ്രീസുധ, ശ്രീസ്മേര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.