ദുബൈ ഹത്ത അതിർത്തിയിൽ നടന്ന ഒമാൻ ദേശീയദിനാഘോഷ ചടങ്ങിൽനിന്ന്
ദുബൈ: ഒമാൻ സുൽത്താനേറ്റിന്റെ 55ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഹത്ത അതിർത്തി കവാടത്തിലൂടെയും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും എത്തിയ ഒമാനി സന്ദർശകർക്ക് ദുബൈ പ്രത്യേക സ്വീകരണം നൽകി. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്.
സന്ദർശകരുടെ പാസ്പോർട്ടുകളിൽ പ്രത്യേക സ്മാരക മുദ്ര പതിപ്പിക്കുകയും ഒമാന്റെ ദേശീയ ദിനത്തെ പ്രതിനിധീകരിക്കുന്ന സ്മരണിക സമ്മാനങ്ങളും മധുരങ്ങൾ നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹോദരബന്ധവും ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം.
ഹത്ത അതിർത്തിയിൽ നടന്ന ആഘോഷ ചടങ്ങിൽ മേജർ ജനറൽ അഹ്മദ് മുഹമ്മദ് ബിൻ താനി, ബ്രിഗേഡിയർ നബീൽ മുഹമ്മദ് അൽ ഖർഗാവി, കേണൽ ഡോ. റാശിദ് ഉബൈദ് അൽ കത്ബി എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഒമാനിലെ ഉന്നത പ്രതിനിധികളും പങ്കെടുത്തു. യു.എ.ഇയും ഒമാനും തമ്മിലുള്ള ബന്ധം ഒരു അതിർത്തിയല്ല, തലമുറകളായി തുടരുന്ന സഹോദരബന്ധമാണ്. അതിനാൽ, ഇത്തരം അവസരങ്ങൾ മനസ്സാർന്നും ബഹുമാനത്തോടെയും ആഘോഷിക്കുന്നത് ഞങ്ങളുടെ കടമയാണെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു. ഗൾഫ് സഹകരണത്തിന്റെയും അതിഥിസ്നേഹത്തിന്റെയും മികച്ച മാതൃകയായിരുന്നു ജനറൽ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.