നോർക്ക റൂർട്സ് മുഖേന കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക കെയർ പോളിസി പദ്ധതിയുടെ പ്രീലോഞ്ചിങ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീ രാമകൃഷ്ണൻ
അബൂദബിയിൽ നിർവഹിക്കുന്നു
അബൂദബി: ലോകത്താകമാനമുള്ള പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നോർക്ക റൂട്സ് മുഖേനയാണ് ഗ്രൂപ് മെഡി ക്ലെയിം ആൻഡ് ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് പോളിസി അഥവാ ‘നോർക്ക കെയർ’ സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രീലോഞ്ചിങ് നോർട്ട് റൂട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അബൂദബിയിൽ നിർവഹിച്ചു. പരിപാടിയിൽ പദ്ധതിയുടെ ലോഗോ ലോഞ്ചിങ്ങും നടത്തി.
നോർക്ക റൂട്സ് അംഗത്വമുള്ളവർക്ക് സെപ്റ്റംബർ 22 മുതൽ പദ്ധതിയിൽ രെജിസ്റ്റർ ചെയ്യാം. ഒക്ടോബർ 21 വരെയാണ് എൻറോൾമെന്റ് സമയം. നവംബർ ഒന്ന് മുതലാണ് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങുക. നോർക്ക കെയറിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ട് മക്കൾ അടക്കം നാല് പേർ അടങ്ങുന്ന പ്രവാസി കുടുംബത്തിന് 13,411 രൂപ അല്ലെങ്കിൽ 563 ദിർഹം ആണ് വാർഷിക പ്രീമിയം തുക. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4,130 രൂപ അല്ലെങ്കിൽ 173 ദിർഹം അടയ്ക്കണം. ഒരു വ്യക്തിക്ക് 8,101 രൂപ അല്ലെങ്കിൽ 340 ദിർഹം ആണ് പ്രീമിയം തുക.
18 മുതൽ 70 വയസ് വരെ ആണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചു ലക്ഷം രൂപ ആണ് ഇൻഷുറൻസ് തുക. ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് 10 ലക്ഷം രൂപ ആണ് ഇൻഷുറൻസ് തുക. നോർക്ക റൂട്സ് വെബ്സെറ്റോ ആപ്ലിക്കേഷനോ മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യയിൽ പതിനാലായിരത്തിൽ അധികം ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാവും. ക്യാഷ്ലസായി ചികിത്സ ലഭ്യമാവുമെന്നതാണ് പദ്ധതിയുടെ സവിശേഷത. പ്രീലോഞ്ചിങ് പരിപാടിയിൽ നോർക്ക സെക്രട്ടറി ഹരികിഷോർ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കൊലശേരി തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു. വിവിധ മേഖലകളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.