നിനവ് ഇന്റര്‍നാഷനല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലില്‍ (നിഫ്) മികച്ച ഹ്രസ്വചിത്രത്തിനുള്ള സമ്മാനം അണിയറ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു
അബൂദബി: രണ്ടാമത് നിനവ് ഇന്റര്‍നാഷനല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് (നിഫ്) സമാപനം. മികച്ച ചിത്രത്തിനുള്ള അമ്പതിനായിരം രൂപയും ട്രോഫിയും ‘ലിയോ’ ചിത്രം കരസ്ഥമാക്കി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഇരുപത്തി അയ്യായിരം രൂപയും ട്രോഫിയും ‘റെയ്സ്’ ചിത്രത്തിനാണ്.
മികച്ച ഓവര്‍സീസ് സിനിമ (അനാമിക), മികച്ച നടന് സജിത്ത് തോപ്പില്‍ (ലിയോ), മികച്ച നടി ഷാലി ബിജു (റെയ്സ്), മികച്ച സംവിധായകന് രാജേഷ് ഗോപാലന് (ലിയോ), മികച്ച ഓവര്‍സീസ് സംവിധായകന് സുബിന് മാത്യു ജോര്‍ജ് (തിരനോട്ടം), മികച്ച തിരക്കഥ ഷാലി ബിജു (റെയ്സ്), ഛായാഗ്രഹണം അഖിലേഷ് ചന്ദ്രന് (അനാമിക), എഡിറ്റര്‍ ജിജോ വര്‍ഗീസ്, സുബിന് മാത്യു ജോര്‍ജ് (തിരനോട്ടം), ബാലതാരങ്ങള്‍ മാസ്റ്റര്‍ ജോണ്‍ ജോര്‍ജ് (തിരനോട്ടം), കുമാരി അദ്വൈത ശ്രീജിത്ത് (അപ്പ), പശ്ചാത്തലസംഗീതം സാജന് കെ. റാം (അനാമിക), മികച്ച പോസ്റ്റര്‍ സൂരജ് (സീക്രട്ട് മെസഞ്ചേഴ്സ്) എന്നിവര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ജൂറി അംഗങ്ങളും സംവിധായകരുമായ ഷൈജു അന്തിക്കാട്, ജിബു ജേക്കബ് എന്നിവരാണ് ഫലപ്രഖ്യാപനം നടത്തിയത്.
യു.എ.ഇയില്‍നിന്നും കേരളത്തില്‍നിന്നും മറ്റുമായി 23 സിനിമകളായിരുന്നു മത്സരത്തില്‍ മാറ്റുരച്ചത്.
അബൂദബി മലയാളി സമാജത്തില്വെച്ചായിരുന്നു പ്രദര്‍ശനങ്ങള്‍, വിജയികളുടെ പ്രഖ്യാപനം, പുരസ്കാര സമര്‍പ്പണം എന്നിവ നടന്നത്. മത്സരാർഥികള്‍ക്കായി സംഘടിപ്പിച്ച സര്‍ഗ സംവാദത്തിന് അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് നേതൃത്വം നല്കി.
‘പ്രവാസവും ഹ്രസ്വസിനിമകളും’ വിഷയത്തില്‍ നടന്ന സംവാദത്തില്‍ സിനിമാസംവിധായകര്‍, നിര്‍മാതാക്കള്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപന സമ്മേളനം സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി, നിനവ് സെക്രട്ടറി ദീപക്, സലിം ചിറക്കല്‍, എ.എം. അന്‍സാര്‍, സമാജം വനിതാ കണ്‍വീനര്‍ ഷഹ്ന മുജീബ്, നിനവ് വനിത കണ്‍വീനര്‍ റെജില അനില്‍കുമാര്‍, ട്രഷറര്‍ ബിജു സി.വി. എന്നിവർ സംസാരിച്ചു. പ്രസിഡന്റ് മഹേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.