ദുബൈ: ലോക സർക്കാർ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ‘റെയിൽ ബസ്’ പദ്ധതി നടപ്പിലാകുന്നതോടെ നഗരത്തിലെ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ദുബൈ മെട്രോയിലേക്കുള്ള യാത്ര സുഗമമാകും. ഇതോടെ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കറാമ, അൽ ബർശ, ദേര പ്രദേശങ്ങളിലുള്ളവർക്ക് കൂടുതൽ സൗകര്യമാകും. ഇത്തരം ഭാഗങ്ങളിൽ നിരവധി സ്റ്റോപ്പുകൾ റെയിൽ ബസിനുണ്ടാകും എന്നാണ് അധികൃതർ നൽകുന്ന സൂചന.
ദുബൈ മെട്രോയും ദുബൈ ട്രാമും എത്തിപ്പെടാത്ത പ്രദേശങ്ങളിൽ സേവനം നൽകുകയാണ് റെയിൽബസിന്റെ ലക്ഷ്യമെന്ന് ആർ.ടി.എയിലെ റെയിൽ പ്ലാനിങ് ആൻഡ് പ്രോജക്ട് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടർ മാലിക് റമദാൻ മിശ്മിശ് പറഞ്ഞു. ദുബൈ മെട്രോയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത കറാമ, അൽ ബർശ, ദേര എന്നിവിടങ്ങിലെ ഉൾപ്രദേശങ്ങളിൽ റെയിൽ ബസ് ശൃംഖല ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽ ബസ് സൗരോർജത്തിൽ പ്രവർത്തിക്കുന്നതും മെട്രോ, ട്രാം എന്നിവ പോലെ ഡ്രൈവറില്ലാതെ ഓടുന്നതുമായിരിക്കും. അതുപോലെ റെയിൽ ബസിന്റെ നിർമാണം പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി രീതിയിലായിരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.
വിശാലമായ മുറി പോലെ രൂപകൽപന ചെയ്ത വാഹനത്തിൽ ഇരുന്നും നിന്നും യാത്ര ചെയ്യാം. അതോടൊപ്പം ഇത് കടന്നുപോകുമ്പോൾ ശബ്ദം വളരെ കുറവായിരിക്കും. പദ്ധതിയുടെ സാങ്കേതിക, സാധ്യതാ പഠനങ്ങളും വിലയിരുത്തലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ദുബൈ മെട്രോയുടെ ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ഈ സംവിധാനവും നിലവിൽ വരുമെന്ന് പ്രതീക്ഷിക്കാം. ഇതിലൂടെ വലിയ മാറ്റത്തിന് ദുബൈ ഗതാഗത രംഗം സാക്ഷ്യംവഹിക്കും.
റെയിലിന്റെയും ബസിന്റെയും ഘടകങ്ങൾ ഉൾപ്പെട്ട രീതിയെന്ന നിലയിലാണ് ‘റെയിൽ ബസ്’ എന്ന് നാമകരണം ചെയ്തിക്കുന്നത്. കാപ്സ്യൂൾ രൂപത്തിലുള്ള വാഹനത്തിന് 11.5 മീറ്റർ നീളവും 2.65 മീറ്റർ വീതിയും 2.9 മീറ്റർ ഉയരവുമുണ്ടാകും. അന്താരാഷ്ട്ര റെയിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ രൂപകൽപന ചെയ്ത ഉയർന്ന ട്രാക്കുകളിലൂടെയാണ് ഇത് ഓടുക. റെയിൽ ബസിന് 100 കി.മീറ്റർ വേഗത്തിൽ ഓടാനും 40 യാത്രക്കാരെ വരെ വഹിക്കാനും കഴിയും. ഇതിൽ 24 പേർ ഇരിക്കുന്നവരും 16 പേർ നിൽക്കുന്നവരുമായിരിക്കും. ത്രീഡി പ്രിന്റഡ് ആയതിനാൽ യാത്രക്കാർ ഇല്ലാതെ റെയിൽബസിന് 8 ടൺ മാത്രമേ ഭാരം ഉണ്ടാകൂവെന്നും അധികൃതർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.