ഖിസൈസിൽ നിർമിക്കുന്ന റോഡുകളുടെ രൂപരേഖ
ദുബൈ: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ അൽ ഖിസൈസിൽ ഗതാഗതം സുഗമമാക്കുന്നതിന് പുതിയ റോഡുകൾ നിർമിക്കുന്നു. ഇതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അൽ ഖുസൈസ് വ്യവസായിക മേഖലയിൽ ഉൾറോഡുകളും ലൈറ്റിങ് ജോലികളും പൂർത്തിയാക്കുന്നതിന് കരാർ നൽകി.
വ്യവസായ മേഖല 1, 2, 3, 4, 5 എന്നിവിടങ്ങളിൽ 10 കി.മീറ്റർ ദൈർഘ്യമുള്ള 32 റോഡും 43 കി.മീറ്റർ ദൈർഘ്യത്തിൽ തെരുവുവിളക്കുകളും സ്ഥാപിക്കുന്നതാണ് പദ്ധതി. നിർമാണം പൂർത്തിയാകുന്നതോടെ റോഡിന്റെ രണ്ടു ഭാഗങ്ങളിലുമായി ഉൾക്കൊള്ളാനാവുന്ന വാഹനങ്ങളുടെ ആകെ എണ്ണം 200 ശതമാനം വർധിക്കും. മണിക്കൂറിൽ 1,500 വരെ വാഹനങ്ങൾ രണ്ടു ദിശകളിലുമായി ഉൾക്കൊള്ളാനുള്ള ശേഷിയാണ് കൈവരിക്കുക. പ്രദേശത്ത് യാത്രാസമയം 60 ശതമാനം വരെ കുറക്കാൻ പദ്ധതിയിലൂടെ സാധിക്കുകയും ചെയ്യും. അൽ ഖുസൈസ് വ്യവസായിക മേഖലകളെ ബന്ധിപ്പിക്കുന്നതിന് പദ്ധതി ഉപകരിക്കുമെന്നും അമ്മാൻ, ബൈറൂത്, അലപ്പോ, ഡമസ്കസ് സ്ട്രീറ്റുകളിലേക്ക് യാത്ര സുഗമമാക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. 320 വർക്ക്ഷോപ്പുകൾ, 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ, കടകൾ, വിദ്യാഭ്യാസ മേഖലകൾ എന്നിവ അടങ്ങുന്ന പ്രദേശത്തേക്ക് പ്രവേശനം ഇത് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മർഗം, ലെഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നീ റെസിഡൻഷ്യൽ ഏരിയകളിൽ ആകെ 37 കി.മീറ്ററോളം ഉൾറോഡുകളുടെയും ലൈറ്റിങ്ങിന്റെയും നിർമാണം ആർ.ടി.എക്ക് കീഴിൽ നിലവിൽ പുരോഗമിക്കുന്നുണ്ട്. ഇവയെല്ലാം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. സ്കൈഡൈവ് ദുബൈക്ക് സമീപം ദുബൈ-അൽഐൻ റോഡിലൂടെ എട്ടു കിലോമീറ്റർ ദൈർഘ്യമുള്ള തെരുവിന്റെ നിർമാണമാണ് മർഗമിലെ പദ്ധതി. ലെഹ്ബാബിൽ നാലു കി.മീറ്റർ റോഡിനൊപ്പം മഴവെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമൊരുക്കുകയും തെരുവുവിളക്കുകൾ നിർമിക്കുകയും ചെയ്യുന്നുണ്ട്. ലിസൈലിയിൽ ഏഴു കി.മീറ്റർ റോഡും ഹത്തയിൽ രണ്ടു കി.മീറ്റർ റോഡുമാണ് നിർമിക്കുന്നത്. ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുഗമമായ ഗതാഗതവും ഉറപ്പുവരുത്തുന്നതിന് വ്യക്തമായ ആസൂത്രണത്തോടെയാണ് ആർ.ടി.എ പദ്ധതികൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.