അബൂദബി: ഡ്രൈവറില്ലാ സ്വയംനിയന്ത്രിത ചെറുബോട്ടുകളുടെയും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങള്‍ നിയന്ത്രിക്കാന്‍ അബൂദബിയില്‍ പുതിയ നിയമാവലി പുറത്തിറക്കി. സ്മാര്‍ട്ട് യാത്രാസംവിധാനങ്ങളിലെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടാണ് പുതിയ ചട്ടക്കൂട് രൂപീകരിച്ചത്. അബൂദബിയിലെ ഗതാഗത മേഖലക്ക് മേല്‍നോട്ടം വഹിക്കുന്ന അബൂദബി മൊബിലിറ്റി വഴിയാണ് ഇത് നടപ്പാക്കുക. അത്യാധുനിക സമുദ്ര സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നാവിക സുരക്ഷ ഉറപ്പാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സമുദ്ര പരിസ്ഥിതി നിലനിര്‍ത്താനും പുതിയ ചട്ടക്കൂട് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ കമ്പനികള്‍ക്കും ഡെവലപര്‍മാര്‍ക്കും നിര്‍ബന്ധിത പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രയലുകള്‍ നടത്തുന്നതിന് മുമ്പ് ഇവര്‍ സുരക്ഷാ പ്രവര്‍ത്തന മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ജലഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങളും പെര്‍മിറ്റ് ഉടമകളുടെയും ബോട്ട് ഓപറേറ്റര്‍മാരുടെയും ഉത്തരവാദിത്തങ്ങളും മാനുവലില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പരീക്ഷണത്തില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും ഓട്ടോണമസ് സംവിധാനങ്ങള്‍ നേരിട്ടേക്കാവുന്ന ഭീഷണികള്‍ തടയാന്‍ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും വ്യവസ്ഥയിലുണ്ട്.
സാങ്കേതികവിദ്യ വികസിപ്പിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സമുദ്ര കമ്പനികള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിലൂടെ അഡ്വാന്‍സ്ഡ് മൊബിലിറ്റിയുടെ പ്രധാന ഹബ്ബായി അബൂദബിയെ മാറ്റാന്‍ പുതിയ ചട്ടക്കൂടിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.