മികച്ച പരിസ്ഥിതി സൗഹൃദ നേട്ടം കൈവരിച്ചതിന് നെസ്റ്റോ ഗ്രൂപ്പിനുള്ള 'ഗോ ഗ്രീൻ സസ്റ്റൈനബിലിറ്റി' പുരസ്കാരം പേറോൾ മാനേജർ സാബിത്ത്, ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക്കിൽനിന്ന് ഏറ്റുവാങ്ങുന്നു
ദുബൈ: ബിസിനസ് പ്രവർത്തനങ്ങൾ പൂർണമായും പേപ്പർ രഹിതമാക്കി മികച്ച പരിസ്ഥിതി സൗഹൃദ നേട്ടം കൈവരിച്ചതിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന് അംഗീകാരം. പ്രമുഖ ഐ.ടി കമ്പനിയായ ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് നൽകുന്ന ഈ വർഷത്തെ 'ഗോ ഗ്രീൻ സസ്റ്റൈനബിലിറ്റി' പുരസ്കാരത്തിനാണ് നെസ്റ്റോ ഗ്രൂപ്പ് അർഹരായത്.
പരമ്പരാഗതമായി പേപ്പറുകൾ ഉപയോഗിച്ച് നടത്തിയിരുന്ന കോർപറേറ്റ് ഓഫിസ് പ്രവർത്തനങ്ങളെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് വിജയകരമായി മാറ്റിയതിനാണ് അംഗീകാരം. തങ്ങളുടെ എച്ച്.ആർ, ഫിനാൻസ്, സ്റ്റോറുകൾ, ബാക്ക് ഓഫീസ് തുടങ്ങിയ എല്ലാ പ്രധാന വിഭാഗങ്ങളെയും ‘കണ്ടന്‍റ്വേഴ്സ് ഡോക്യുമെന്‍റ് മാനേജ്‌മെന്‍റ് സിസ്റ്റം' വഴി ഡിജിറ്റൽ വർക്ക്‌ഫ്ലോയിലേക്ക് മാറ്റിയാണ് നെസ്റ്റോ മാതൃകയായത്. നെസ്റ്റോയുടെ 77 ബിസിനസ് യൂനിറ്റുകളിൽ ജീവനക്കാരുടെ വിവരങ്ങൾ, ശമ്പളം, ഫിനാൻസ് അപ്രൂവലുകൾ, ഇൻവോയ്‌സ് മാനേജ്‌മെന്‍റ് തുടങ്ങിയവയെല്ലാം ഇപ്പോൾ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
പദ്ധതിയിലൂടെ ഏകദേശം 3.3 കോടി രേഖകൾ നെസ്റ്റോ ഡിജിറ്റൈസ് ചെയ്തു. ഇതോടെ പ്രതിവർഷം 15 ലക്ഷത്തോളം പേപ്പറുകളുടെ ഉപയോഗം ഒഴിവാക്കാൻ നെസ്റ്റോക്ക് സാധിച്ചു. പുതിയ ഡിജിറ്റൽ സംവിധാനം വഴി പേപ്പർ, പ്രിന്‍റിങ്, ഫയലുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലം എന്നിവക്കായുള്ള ചെലവുകൾ 80 ശതമാനം വരെ കുറക്കാനും കഴിഞ്ഞു. ജീവനക്കാർ ഫയലുകൾ കൈകാര്യം ചെയ്യുന്ന സമയത്തിൽ 65 ശതമാനത്തോളം ലാഭിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനപ്പുറം, പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഫയലുകൾ സൂക്ഷിക്കാനുള്ള സ്ഥലം ലാഭിക്കാനും ചടുലവും ആധുനികവുമായ തൊഴിൽ രീതികൾ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധ്യമായി.
‘സുസ്ഥിരതയും ഡിജിറ്റൽ ഇന്നൊവേഷനും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നും അതിലൂടെ ബിസിനസിലും പരിസ്ഥിതിയിലും വലിയ മാറ്റങ്ങൾ വരുത്താമെന്നും നെസ്റ്റോ ഗ്രൂപ്പ് തെളിയിച്ചുകാട്ടിയിരിക്കുന്നു. മാറ്റത്തിന്‍റെ ഈ യാത്രയിൽ നെസ്റ്റോയുടെ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്’ -ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക് പറഞ്ഞു.
പുനരുപയോഗിക്കാവുന്ന ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രീൻ ഹോപ് ഇനിഷ്യേറ്റീവ്, നെസ്റ്റോയുടെ സെൻട്രൽ വെയർഹൗസിൽ സോളാർ പാനലുകൾ സ്ഥാപിച്ച് കാർബൺ പുറന്തള്ളൽ കുറക്കുകയും പുനരുപയോഗ ഊർജം വർധിപ്പിക്കുകയും ചെയ്യുന്ന ഗ്രീൻ വെയർഹൗസ്, പ്രാദേശിക പച്ചക്കറികളും ഉൽപന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യു.എ.ഇയിലെ കർഷകരെ പിന്തുണക്കുന്ന ഗ്രീൻ ഇമാറാത്ത് ഇനിഷ്യേറ്റീവ്, പേപ്പർ റസീപ്റ്റ് ഒഴിവാക്കി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബില്ലുകൾ ലഭ്യമാക്കുന്ന ഇനാം ആപ് ഇ-റസീപ്റ്റുകൾ എന്നിവ നെസ്റ്റോയുടെ ഗ്രീൻ സംരംഭങ്ങളാണ്.
‘സുസ്ഥിരത എന്നത് ഞങ്ങളുടെ ദീർഘകാല ബിസിനസ് നയങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഗോ ഗ്രീൻ‘ സംരംഭം കൂടുതൽ വ്യാപിപ്പിക്കുന്നതിലൂടെ ഹരിതാഭമായ റീട്ടെയിൽ വ്യവസ്ഥിതിക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അടിവരയിടുകയാണ്’ -നെസ്റ്റോ ഗ്രൂപ്പ് എച്ച്.ആർ ആൻഡ് അഡ്മിൻ മാനേജർ എൻ.പി. ഷംസുദ്ദീൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.