ലബനൻ; ദുരിതബാധിതർക്ക്​ ആശ്വാസ നടപടികളുമായി യു.എ.ഇ

അബൂദബി: ലബനനിൽ നിലവിലുള്ള പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ‘യു.എ.ഇ എയ്ഡ് ഏജൻസി' വഴി മാനുഷിക സഹായങ്ങൾ എത്തിക്കുന്നു. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ നിർദേശപ്രകാരമാണിത്​.

പ്രതിസന്ധികൾ, ദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയോട് ഉടനടി പ്രതികരിക്കുന്നതിലും ദുരിതബാധിതർക്ക് ആശ്വാസ സഹായങ്ങൾ നൽകുന്നതിലും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന്​ ‘യു.എ.ഇ എയ്ഡ് ഏജൻസി’ ചെയർമാൻ താരിഖ് അഹമ്മദ് അൽ അമീരി പറഞ്ഞു. ദുരന്തങ്ങളും പ്രതിസന്ധികളും ബാധിച്ച സമൂഹങ്ങളോടും ജനങ്ങളോടുമുള്ള യു.എ.ഇയുടെ ധാർമിക ഉത്തരവാദിത്തമാണ് ഈ സഹായത്തിലൂടെ പ്രതിഫലിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്നവർക്ക് അതിവേഗം സഹായം ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്​ യു.എ.ഇ ഇതിലൂടെ വ്യക്തമാക്കുന്നത്​. ഭക്ഷണം, മരുന്ന്, വസ്ത്രം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. ലബനനിലെ ഹയർ റിലീഫ് കൗൺസിലുമായി ഏകോപിപ്പിച്ച് ഏജൻസി ഭക്ഷണസാധനങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലബനൻ ജനതയോട് കാണിക്കുന്ന ഉറച്ച പിന്തുണക്കും ഐക്യദാർഢ്യത്തിനും യു.എ.ഇ നേതൃത്വത്തിനും ഗവണ്മെന്‍റിനും ജനങ്ങൾക്കും യു.എ.ഇയിലെ ലബനൻ അംബാസഡർ താരിഖ് ഹസൻ മുനൈമിന നന്ദി അറിയിച്ചു. നിലവിലെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളെ നേരിടാനും അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാനും സമാധാനം, സ്ഥിരത, വികസനം എന്നിവക്കായി പ്രവർത്തിക്കാനും ലബനനെ സഹായിക്കുന്ന യു.എ.ഇയെ അദ്ദേഹം പ്രശംസിച്ചു.

ലബനൻ ജനതക്ക്​ വർഷങ്ങളായി യു.എ.ഇ തങ്ങളുടെ പിന്തുണയും വിവിധ മാനുഷിക-വികസന സഹായങ്ങളും നൽകിവരുന്നുണ്ട്. ‘യു.എ.ഇ ലബനനൊപ്പം നിൽക്കുന്നു’ എന്ന കാമ്പയിൻ ഇതിന് ഉദാഹരണമാണ്.

Tags:    
News Summary - Lebanon; UAE takes relief measures for victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.