ഖോർഫക്കാൻ മാംഗോ ഫെസ്റ്റിവലിലെത്തിയ സന്ദർശകർ
ഖോർഫക്കാൻ: വ്യത്യസ്തമായ 50 ഇനങ്ങൾ. കിലോക്ക് ആറുദിർഹം മുതൽ ബോക്സിന് ആയിരം ദിർഹത്തിലധികം വിലയുള്ളവ. കിഴക്കൻ മേഖലയിൽ വിളവെടുത്ത പ്രാദേശിക മാമ്പഴങ്ങൾ മുതൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പ്രീമിയം ഇനങ്ങൾ വരെ. വിപുലവും വൈവിധ്യവുമൊരുക്കിയ ഖോർഫക്കാൻ മാംഗോ ഫെസ്റ്റിവൽ ഇക്കുറിയും മാങ്ങാപ്രേമികളെ മാടിവിളിക്കുന്നു.
അഞ്ചാമത് ഖോർഫക്കാൻ മാംഗോ ഫെസ്റ്റിവലിന് കഴിഞ്ഞ ദിവസമാണ് ഖോർഫക്കാനിൽ തുടക്കമായത്. ഖോർഫക്കാൻ മുൻസിപ്പൽ കൗൺസിൽ, ഖോർഫക്കാൻ സിറ്റി മുൻസിപ്പാലിറ്റി, എക്സ്പോ ഖോർഫക്കാൻ എന്നിവയുമായി സഹകരിച്ച് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന മാമ്പഴമേള ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ രാത്രി 10:00 മണി വരെ സന്ദർശകർക്കായി തുറക്കും. ‘മാങ്ങ: നമ്മുടെ ഫലം, നമ്മുടെ സമ്പത്ത്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഏറ്റവും മനോഹരമായ മാമ്പഴം, ഏറ്റവും വലിയ മാമ്പഴം, ഏറ്റവും മികച്ച മാമ്പഴക്കൊട്ട എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ, പരമ്പരാഗത കലാപരിപാടികൾ, കാർഷിക വർക്ഷോപ്പുകൾ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള വിനോദ പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 കർഷകർ ഇക്കുറി മേളയിൽ പങ്കെടുക്കുന്നുണ്ട്. വർധിച്ചുവരുന്ന പങ്കാളിത്തം കണക്കിലെടുത്ത് ഇത്തവണ പ്രദർശന നഗരിയുടെ വിസ്തീർണം 70 ശതമാനം വർധിപ്പിച്ചതായി അധികൃതർ പറഞ്ഞു.
പ്രാദേശികമായി ഉൽപ്പാദിപ്പിച്ച 150ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങൾ, നാരങ്ങ വർഗത്തിൽപ്പെട്ട പഴങ്ങൾ, ഈസ്റ്റേൺ റീജ്യനിൽ നിന്നുള്ള മറ്റ് സീസണൽ പഴങ്ങൾ, മാമ്പഴം ഉപയോഗിച്ചുണ്ടാക്കിയ മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ പ്രദർശനത്തിനുണ്ട്. ഒരു കിലോയിലധികം ഭാരമുള്ള ഭീമൻ മാമ്പഴങ്ങൾ ഉൾപ്പെടെ പ്രദർശനത്തിലുണ്ട്. കർഷകർക്ക് സൗജന്യമായാണ് സ്റ്റാളുകൾ അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.