ദുബൈ പൊലീസ്​ അക്കാദമി പ്രവർത്തനത്തിന്​ പുതിയ നിയമം

ദുബൈ: പൊലീസ്​ സേനയുടെ പരിശീലന കേന്ദ്രമായ ദുബൈ പൊലീസ്​ അക്കാദമിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പുതിയ നിയമം പുറപ്പെടുവിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. പൊലീസ്, സുരക്ഷ, സൈനിക സംവിധാനങ്ങൾക്ക് ആവശ്യമായ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥരെ ഒരുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമായി വ്യക്​തമാക്കിയിട്ടുള്ളത്​.

നിയമപ്രകാരം അക്കാദമിയുടെ കാര്യങ്ങളും ഭരണവും മേൽനോട്ടം വഹിക്കുന്ന പരമാധികാര സ്ഥാപനമായി ‘ബോർഡ് ഓഫ് ട്രസ്റ്റീസ്’ രൂപവത്​കരിക്കും. ചെയർ, വൈസ് ചെയർ എന്നിവരോടൊപ്പം പൊലീസ്, നിയമം, സുരക്ഷ, അക്കാദമിക് മേഖലകളിലെ വിദഗ്ധരും ബോർഡിൽ അംഗങ്ങളായിരിക്കും.

അക്കാദമിയുടെ പദ്ധതികൾ, വിദ്യാഭ്യാസ-പരിശീലന നയങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവക്ക്​ ബോർഡാണ്​ അംഗീകാരം നൽകുക. അക്കാദമിയുടെ ഭാഗമായി ‘സയന്റിഫിക് കൗൺസിൽ’ രൂപവത്​കരിക്കുമെന്നും നിയമത്തിൽ പറയുന്നു. ഡീൻ അധ്യക്ഷനായിരിക്കുന്ന ഈ കൗൺസിലിൽ അസിസ്റ്റന്റ് ഡീനുമാർ, അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാർ, പരിശീലന-ഗവേഷണ യൂനിറ്റുകളുടെ പ്രതിനിധികൾ എന്നിവരുണ്ടാകും. അക്കാദമിയുടെ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ നയങ്ങൾ നിർദേശിക്കുന്നതും പഠനരീതികൾക്കും പാഠ്യപദ്ധതികൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും കൗൺസിലിന്റെ ചുമതലയായിരിക്കും.

പുതിയ നിയമപ്രകാരം അക്കാദമി ലോ ആൻഡ് പൊലീസ് സയൻസസ്, ലോ, സെക്യൂരിറ്റി ആൻഡ് ക്രിമിനൽ സയൻസസ് എന്നീ വിഷയങ്ങളിൽ ബിരുദങ്ങൾ നൽകും. കൂടാതെ ലോ, പൊലീസ് സയൻസസ്​, സെക്യൂരിറ്റി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഹയർ ഡിപ്ലോമ, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ഡിഗ്രികളും നൽകും. വിവിധ പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കാം.

വിദ്യാർഥികളുടെയും സൈനിക പരിശീലനം നേടുന്നവരുടെയും മികച്ച അക്കാദമിക് പ്രകടനം, പെരുമാറ്റം, പ്രൊഫഷണൽ മികവ് എന്നിവക്ക്​ പ്രോത്സാഹനം നൽകുന്ന ഇൻസന്റീവ് സംവിധാനം ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപവത്​കരിക്കണമെന്നും നിയമം നിർദേശിക്കുന്നുണ്ട്​. അക്കാദമിയുടെ എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ പ്രവർത്തനങ്ങളിലും പൂർണ ഡിജിറ്റൽ പരിവർത്തനം നടപ്പാക്കണമെന്നും പുതിയ നിയമം നിർദേശിക്കുന്നുണ്ട്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.

Tags:    
News Summary - New law for Dubai Police Academy operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.