ദുബൈ: അൽ ഖുദ്റ റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസമേകി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) പുതിയ നാലുവരി മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ ഖുദ്റ റോഡും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്‌യാൻ സ്ട്രീറ്റും ചേരുന്ന ജങ്ഷനിലാണ് 700 മീറ്റർ നീളമുള്ള ഈ പുതിയ പാലം നിർമിച്ചിരിക്കുന്നത്.
മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാലം അൽ ഖുദ്റ സിറ്റിയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കും. അറേബ്യൻ റേഞ്ചസ്, മൂഡോൺ, ഡമാക് ഹിൽസ്, ദുബൈ മോട്ടോർ സിറ്റി ഉൾപ്പെടെയുള്ള പ്രധാന പാർപ്പിട മേഖലകളിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി 4,00,000 നിവാസികൾക്ക് പ്രയോജനം ചെയ്യും.
കവലയുടെ വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 19,400 വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയും. നിലവിൽ ഇത് 7,800 ആണ്. ഇവിടുത്തെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയും. മുമ്പ് ഏഴ് മിനിറ്റായിരുന്നു കാത്തിരിപ്പ് എങ്കിൽ ഇനി അത് കേവലം ഒരു മിനിറ്റായി ചുരുങ്ങും. 2026 അവസാന പാദത്തോടെ ഇവിടുത്തെ അനുബന്ധ റാംപ് പാലങ്ങൾ കൂടി തുറക്കുന്നതോടെ അൽ മക്തൂം എയർപോർട്ട്, ജബൽ അലി, ദുബൈ ഡൗൺടൗൺ ഭാഗങ്ങളിലേക്കുള്ള യാത്ര തടസ്സമില്ലാതെ സാധ്യമാകും.
ദുബൈയുടെ ദ്രുതഗതിയിലുള്ള നഗരവളർച്ചക്ക് അനുസൃതമായി റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖുദ്റ റോഡിലെ മൊത്തത്തിലുള്ള യാത്രാസമയം 9.4 മിനിറ്റിൽ നിന്ന് 2.8 മിനിറ്റായി (70 ശതമാനം) കുറയും.
അൽ ഖുദ്റ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഈ വർഷം നേരത്തെ 1,200 മീറ്റർ നീളമുള്ള മറ്റൊരു മേൽപ്പാലവും ആർ.ടി.എ തുറന്നുകൊടുത്തിരുന്നു. ഇതിനുപുറമേ, എമിറേറ്റ്സ് റോഡുമായുള്ള കവലകളിലെ വികസന പ്രവർത്തനങ്ങളും ആറ് വരികളാക്കി റോഡുകൾ വീതികൂട്ടുന്ന പ്രവൃത്തികളും വേഗത്തിൽ പൂർത്തിയായി വരികയാണ്. നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വികസന പദ്ധതി ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.