ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം

എ.ഐ, ഡാറ്റാ ഗവേണൻസ് മേൽനോട്ടത്തിന് യു.എ.ഇയിൽ പുതിയ ഫെഡറൽ അതോറിറ്റി രൂപീകരിച്ചു

ദുബൈ: രാജ്യത്തിന്‍റെ സാങ്കേതിക അജണ്ടയെ ഒരൊറ്റ ദേശീയ ചട്ടക്കൂടിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ), ഡാറ്റാ ഗവേണൻസ്, ഡിജിറ്റൽ ഗവൺമെന്‍റ്​ എന്നിവയുടെ മേൽനോട്ടത്തിനായി യു.എ.ഇ പുതിയ ഫെഡറൽ അതോറിറ്റി രൂപീകരിച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് രാജ്യത്തുടനീളമുള്ള ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ഗവൺമെന്‍റ്​ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത ദേശീയ പ്ലാറ്റ്​ഫോമായി ‘ഫെഡറൽ അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡാറ്റ’ രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ എ.ഐ ഓഫിസ്, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ്​ റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ്​ സെക്ടർ, എമിറേറ്റ്സ് ഡാറ്റാ ഓഫിസ് എന്നിവയുടെ ഉത്തരവാദിത്തങ്ങളെ പുതിയ അതോറിറ്റി ഏകോപിപ്പിക്കും.

പുതിയ അതോറിറ്റി യു.എ.ഇ കാബിനറ്റിന് നേരിട്ട് റിപ്പോർട്ട് ചെയ്യും. എ.ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് എന്നിവയുടെ സ്​റ്റേറ്റ്​ മന്ത്രിയായ ഉമർ സുൽത്താൻ അൽ ഉലമ അതോറിറ്റിക്ക് നേതൃത്വം നൽകും. പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവി തലമുറകളെ പിന്തുണക്കുന്നതിനുമായി നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വേഗത്തിലാക്കി കൂടുതൽ കാര്യക്ഷമവും സജീവവുമായ ഗവണ്മെന്‍റ്​ കെട്ടിപ്പടുക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യമെന്ന് ശൈഖ്​ മുഹമ്മദ് ‘എക്സി’ൽ കുറിച്ചു. ഡാറ്റയും എ.ഐ ടൂളുകളും വേഗമേറിയ തീരുമാനങ്ങൾ എടുക്കുന്നതിനും ഗവണ്മെന്‍റിന്‍റെ മികവുറ്റ പ്രകടനത്തിനും പൗരന്മാർക്കും താമസക്കാർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - New federal authority formed in UAE to oversee AI and data governance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.