ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം

ഷാർജ വെയർഹൗസുകളു​ടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സമിതി

ഷാർജ: വ്യാപാര, വ്യവസായ വെയർഹൗസുകളിലെ സുരക്ഷാ ലംഘനങ്ങൾ നിയന്ത്രിക്കുകയും തീപിടിത്ത സാധ്യത കുറക്കുകയും ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപവൽകരിച്ച്​ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ. ഷാർജ പൊലീസാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുക. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, മുനിസിപ്പൽ കാര്യ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ്, ഷാർജ വൈദ്യുതി, ജല, വാതക അതോറിറ്റി എന്നിവ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

കമ്മിറ്റി എല്ലാ വെയർഹൗസുകളിലും സമഗ്ര പരിശോധന നടത്തും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും അപകട സാധ്യതകൾ കണ്ടെത്തുകയും ചെയ്യും. പ്രത്യേകിച്ച് തീപ്പിടിത്ത സാധ്യതയുള്ളതും അപകടകരവുമായ വസ്തുക്കളുടെ സംഭരണം കർശനമായി നിയന്ത്രിക്കും. നിയമലംഘകർക്കെതിരെ കർശന പിഴയും നടപടികളും സ്വീകരിക്കുകയും ചെയ്യും. എമിറേറ്റിലെ തീപ്പിടിത്ത സംഭവങ്ങൾ കുറക്കുന്നതിനും സുരക്ഷ ശക്​തമാക്കുന്നതിനും ലക്ഷ്യമിട്ടാണ്​ കമ്മിറ്റി രൂപവൽകരിച്ചത്​.

അത്യാഹിത സാമൂഹിക കേസുകൾ കൈകാര്യം ചെയ്യാൻ ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയും രൂപവൽകരിച്ചു. വ്യക്തികളും കുടുംബങ്ങളും നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ വിലയിരുത്തി ആവശ്യമായ പിന്തുണ നൽകുകയാണ് ലക്ഷ്യം. മാസം 17500 ദിർഹമിൽ താഴെ വരുമാനമുള്ളവർക്ക് അധിക ധനസഹായം നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. വയോജനങ്ങൾ, വിധവകൾ, വിവാഹമോചിത സ്ത്രീകൾ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, 45 വയസ്സിൽ താഴെയുള്ള ചില വ്യക്​തികൾ എന്നിവർക്കാണ് സഹായം ലഭിക്കുക. അപേക്ഷകർ യു.എ.ഇ പൗരന്മാരും ഷാർജയിൽ സ്ഥിരതാമസക്കാരും ആയിരിക്കണം. വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അർഹത നിശ്ചയിക്കുക.

ഇതിനൊപ്പം, ഷാർജയിലെ മീഡിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും ലംഘനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾക്കും യോഗം അംഗീകാരം നൽകി. സർക്കാർ വകുപ്പുകളിൽ കരാറുകൾ, ധാരണാപത്രങ്ങൾ എന്നിവ തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശ ഹാൻഡ്‌ബുക്കും കൗൺസിൽ അംഗീകരിച്ചു.

Tags:    
News Summary - New committee to ensure security of Sharjah warehouses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.