ജി.ഡി.ആർ.എഫ്.എ ദുബൈയും താങ്ക്യൂ ഫോർ യുവർ ഗിവിങ് ടീമും തമ്മിലുള്ള ധാരണപത്രം
ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്
ദുബൈ: സന്നദ്ധ പ്രവർത്തനത്തിലൂടെ ദുബൈയുടെ മാനുഷിക മുഖത്തിന് കൂടുതൽ തിളക്കം നൽകാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫേഴ്സും (ജി.ഡി.ആർ.എഫ്.എ) താങ്ക്യൂ ഫോർ യുവർ ഗിവിങ് വളന്റിയർ ടീമും കൈകോർക്കുന്നു. ദേശീയ സംരംഭങ്ങളെ പിന്തുണക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനും ലക്ഷ്യമിട്ടാണ് ഇരു വിഭാഗവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ജി.ഡി.ആർ.എഫ്.എ ദുബൈക്ക് വേണ്ടി ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫിനാൻസ് സെക്ടറിലെ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് ഗാനം സായിദ് അൽ അവാഇവും താങ്ക്യൂ ഫോർ യുവർ ഗിവിങ് ടീമിന് വേണ്ടി സ്ഥാപകനും തലവനുമായ സെയ്ഫ് അൽ റഹ്മാൻ അമീറുമാണ് ഒപ്പുവെച്ചത്. സന്തോഷവും മെച്ചപ്പെട്ട ജീവിതനിലവാരവും എല്ലാവർക്കും ഒരുപോലെ നൽകുന്ന ഒരു ആഗോള നഗരമായി ദുബൈയിയെ നിലനിർത്തുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വലിയ പങ്ക് വഹിക്കുന്നുണ്ട്.
സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി മേജർ ജനറൽ അൽ അവൈം പറഞ്ഞു. മനുഷ്യത്വപരമായ സംരംഭങ്ങളെ പിന്തുണക്കുന്നതിൽ എന്നും മാതൃക കാണിച്ചിട്ടുള്ള ജി.ഡി.ആർ.എഫ്.എ ദുബൈയുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നതായി സെയ്ഫ് അൽ റഹ്മാൻ അമീറും അഭിപ്രായപ്പെട്ടു. വിവിധ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ പങ്കുവെക്കുക, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, സന്നദ്ധപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള മാർഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.