നാദ് അൽ ഹമർ ഇന്‍റർസെക്ഷനിൽ പുരോഗമിക്കുന്ന പുതിയ റോഡ് നിർമാണം
ദുബൈ: നാദ് അൽ ഹമർ ഇന്‍റസെക്ഷനിൽ 850 മീറ്റർ നീളത്തിൽ പുതിയ റോഡ് നിർമാണം ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). റാസൽ ഖോർ റോഡിൽ നിന്ന് നാസർ ബിൻ ലൂത്താ മോസ്കിന് സമീപം നാദ് അൽ ഹമർ ഇന്‍റർസെക്ഷൻ വരെയുള്ള ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം. ഇത് കൂടാതെ അൽ റെബാത്ത് സ്ട്രീറ്റിൽ നിന്ന് നാദ് അൽ ഹമറിലേക്കായി ഇടത്തോട്ട് തിരിയുന്ന വാഹനങ്ങൾക്കായി സ്റ്റോറേജ് ലൈൻ വീതി കൂട്ടുകയും ചെയ്യും.
നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ റോഡിന്‍റെ ശേഷി 33 ശതമാനം വർധിക്കും. നിലവിൽ മണിക്കൂറിൽ 4,800 വാഹനങ്ങൾക്കാണ് ഒരേ സമയം ഇതുവഴി കടന്നുപോകാനാകുക. പുതിയ പാത വരുന്നതോടെ ഇത് 6,800 ആയി ഉയരും. ഇതു വഴി തിരക്കേറിയ സമയങ്ങളിൽ യാത്ര സമയത്തിൽ 27 ശതമാനം വരെ കുറവ് വരും. അതായത് 15 മിനിറ്റിൽ നിന്ന് 11 മിനിറ്റായി യാത്ര സമയം കുറയുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
പ്രദേശത്തെ താമസക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനും പ്രധാന ഇടനാഴികളിലൂടെ റോഡ് ശ്രംഖല വികസിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ നയങ്ങളുടെ ഭാഗമാണ് പദ്ധതി. വേനൽകാല വിപുലീകരണ പദ്ധതികളുടെ ഭാഗമായി നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങൾ ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകും. മേഖലയിലെ പ്രാദേശിക റോഡ് ശ്രംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഗതാഗത നീക്കവും സുരക്ഷയും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റാശിദിയ, ഖിസൈസ്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് ചുറ്റുമുള്ള താമസക്കാർക്ക് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നതിന് പുതിയ റോഡ് ഏറെ പ്രയോജനകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.