ദുബൈ/ദോഹ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റിന്' ഗൾഫിലെ സെൻററുകളിൽ ഇന്ത്യയിലേതിൽനിന്ന് വ്യത്യസ്തമായ ചോദ്യപേപ്പർ ഉപയോഗിച്ചതിൽ നടപടിയും ഇടപെടലും ആവശ്യപ്പെട്ട് നോർക്ക പ്രതിനിധികൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി, എം.പിമാർ എന്നിവർക്ക് കത്തെഴുതി. ഖത്തറിൽനിന്ന് നോർക്ക ഡയറക്ടർ സി.വി. റപ്പായിയാണ് ഇതുസംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, ആരോഗ്യമന്ത്രി വീണാജോർജ്, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്ക് കത്തെഴുതിയത്. പാർലമെന്‍റിൽ വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെയും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെയും ശ്രദ്ധയിൽപെടുത്തുമെന്നും ജോൺ ബ്രിട്ടാസ് എം.പി ഉറപ്പുനൽകിയതായി അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ദുബൈ, ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും വിഷയത്തിൽ ഇടപെടൽ തേടി അധികൃതരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. വിവിധ ഗൾഫ് രാജ്യങ്ങളിലെ രക്ഷിതാക്കൾ നിയമസാധുത പരിശോധിച്ച് ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
യു.എ.ഇയിലെ ചില രക്ഷിതാക്കളും വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരും ചേർന്ന് വിഷയം എം.പിമാരായ ടി.എൻ. പ്രതാപൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ചില കൂട്ടായ്മകൾ രക്ഷിതാക്കൾക്ക് നിയമപോരാട്ടത്തിന് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്ന് എം.പിമാർ ഉറപ്പുനൽകിയതായി ദുബൈയിലെ പരിശീലനസ്ഥാപനമായ യുനീക് വേൾഡ് പ്രതിനിധി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വിഷയത്തിൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാനും രക്ഷിതാക്കൾ അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 17ന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നടന്ന 'നീറ്റ്' പരീക്ഷയുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള സെന്‍ററുകളിൽ ഇന്ത്യയിൽ ഉപയോഗിച്ചതിൽനിന്ന് വ്യത്യസ്തമായ ചോദ്യപേപ്പറുകൾ ഉപയോഗിച്ചുവെന്നായിരുന്നു ആക്ഷേപം.
പരീക്ഷ കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ഉത്തരസൂചിക ഓൺലൈൻവഴി പരിശോധിച്ചപ്പോഴാണ് ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെ സെന്‍ററുകളിലും ഉപയോഗിച്ച ചോദ്യപേപ്പറുകളിൽ മാറ്റമുണ്ടെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. തുടർന്ന്, അധ്യാപകരും രക്ഷിതാക്കളും പരിശീലനകേന്ദ്രങ്ങളിലെ അധ്യാപകരും ആശങ്ക പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു.
മെഡിക്കൽ പഠനത്തിനായുള്ള രാജ്യത്തെ ഏറ്റവും വലിയ ഏകജാലക പരീക്ഷാസംവിധാനത്തിലെ വിവേചനമായാണ് രക്ഷിതാക്കളും കുട്ടികളും വിഷയത്തെ ചൂണ്ടിക്കാണിക്കുന്നത്. മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയം എന്നതിനാൽ വ്യത്യസ്തമായ ചോദ്യപേപ്പറിൽ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഒരേ മാർക്ക് മാനദണ്ഡം എങ്ങനെ ബാധകമാവുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. ചോദ്യങ്ങൾ വ്യത്യസ്തമായി എന്നതിനൊപ്പം നാട്ടിലെയും ഗൾഫിലെയും ചോദ്യപേപ്പർ കൂടുതൽ പേജുകളുമുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങളിലാണ് ഇത്തവണ നീറ്റ് പരീക്ഷ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.