ഉമ്മു ഫെനൈൻ ഭാഗത്ത് പ്രകൃതിവാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്ന സേവ ജീവനക്കാർ
ഷാർജ: എമിറേറ്റിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് പ്രകൃതിവാതകം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പൈപ്പ്ലൈൻ ശൃംഖല പദ്ധതി പൂർത്തീകരിച്ച് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). ഉമ്മു ഫെനൈൻ പ്രദേശത്താണ് 38 കിലോമീറ്റർ നീളത്തിൽ ഗ്യാസ് പൈപ്പ്ലൈൻ സ്ഥാപിച്ചത്. 40 ലക്ഷം ദിർഹം ചെലവ് വരുന്ന പദ്ധതി പൂർത്തയായതോടെ 600ലേറെപ്പേർക്ക് പ്രകൃതി വാതകം സുരക്ഷിതമായി എത്തിക്കാനാവുമെന്ന് സേവ അധികൃതർ അറിയിച്ചു.
എമിറേറ്റിലുടനീളം സംയോജിത പ്രകൃതിവാതക വിതരണ ശൃംഖല പദ്ധതികൾ നടപ്പലാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സേവയിലെ പ്രകൃതിവാതക വകുപ്പ് ഡയറക്ടർ എൻജീനിയർ ഇബ്രാഹിം അൽ ബൽഗൗനി പറഞ്ഞു. ഇത്തരം പദ്ധതികൾ എമിറേറ്റിൽ വലിയ വിജയം നേടിക്കഴിഞ്ഞു. സിലിണ്ടർ ഉപയോഗിക്കുന്നതിന് പകരം സുരക്ഷിതവും സുസ്ഥിരവുമായ ബദലായി പ്രകൃതിവാതകത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. പ്രകൃതിവാതകത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഷാർജയിൽ വർധിക്കുന്നുണ്ടെന്നും ഇബ്രാഹിം അൽ ബൽഗൗനി പറഞ്ഞു. പരിസ്ഥിതി സൗഹൃദം, ഉയർന്ന സുരക്ഷ എന്നിവയിലും പ്രകൃതിവാതക ഉപയോഗം ഗുണം ചെയ്യും. നെറ്റ്വർക്ക് സ്ഥാപിക്കുന്നതിലെ സുരക്ഷ, ഗുണനിലവാരം, മാനദണ്ഡങ്ങൾ എന്നിവയുടെ കര്യത്തിലും സേവ അന്താരാഷ്ട്ര നിലവാരം പാലിക്കുന്നുണ്ട്. പരമ്പരാഗത സിലിണ്ടർ ഉപയോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രകൃതിവാതകത്തിന് വിലക്കുറവുമുണ്ട്. ഭാവിയിൽ ഷാർജയിലെ എല്ലാ പ്രദേശങ്ങളിലേക്കും പ്രകൃതിവാതകം എത്തിക്കുകയാണ് സേവയുടെ ലക്ഷ്യം. അതിനായി എമിറേറ്റിൽ പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും പഠനം നടത്തുന്നതിനുമുള്ള ഒരുക്കത്തിലാണ് സേവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.