മുസഫ വ്യവസായ മേഖല ആഗോള നിലവാരത്തിലേക്ക്

അബൂദബി: എമിറേറ്റിലെ ഏറ്റവും വലിയ വ്യാവസായിക സേവന മേഖലകളിലൊന്നായ മുസഫയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വമ്പന്‍ പദ്ധതികളുമായി അധികൃതര്‍. വ്യാവസായിക വളര്‍ച്ച, നവീകരണം, നിക്ഷേപം എന്നിവയുടെ ആഗോളതലത്തില്‍ മത്സരക്ഷമമായ കേന്ദ്രമാക്കി മാറ്റാനാണ് ‘മുസഫ ഇന്നൊവേഷന്‍ ഡിസ്ട്രിക്റ്റ്’ എന്ന പേരില്‍ ദീര്‍ഘകാല പദ്ധതി പ്രഖ്യാപിച്ചത്. നഗര - ഗതാഗത വകുപ്പാണ് 'ലിവെക്‌സ് 2026' പ്രദര്‍ശന വേദിയില്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. മുസഫയുടെ ചരിത്രത്തിലെ നിര്‍ണായകമായ നാഴികക്കല്ലാകാന്‍ പോകുന്നതാണ് ഈ പദ്ധതിയുടെ നടപ്പാക്കല്‍.

അബൂദബിയുടെ സാമ്പത്തിക വളര്‍ച്ചയിലും വ്യവസായം, നിര്‍മാണം, ലോജിസ്റ്റിക്‌സ്, വ്യാപാരം എന്നിവയുടെ വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ച പ്രദേശമാണ് മുസഫ. മുസഫയെ നവീകരിക്കുന്നതിനുള്ള ഡി.എം.ടിയുടെ ദീര്‍ഘകാല പദ്ധതിയായ ‘മുസഫ റിവറ്റലൈസേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് പ്ലാന്‍’ (എം.ആര്‍.ഡി.പി) വഴിയാണ് പുതിയ പദ്ധതിയിലേക്ക് എത്തിയത്.

അബൂദബിയുടെ ഏറ്റവും വലിയ ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഒന്നുകൂടിയാണ് എം.ആര്‍.ഡി.പി. എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക, നഗര വികസനങ്ങളില്‍ ഒന്നില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് വ്യക്തവും ദീര്‍ഘകാലവുമായ റോഡ് മാപ്പ് ഈ പദ്ധതി നല്‍കും.

നിര്‍മാണം, ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക സേവനങ്ങള്‍, വാണിജ്യ വികസനങ്ങള്‍, വാട്ടര്‍ഫ്രണ്ട് ഡെസ്റ്റിനേഷനുകള്‍, റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റികള്‍, ഐ.ടി, ഹരിത വ്യവസായങ്ങള്‍, മുനിസിപ്പല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിക്ഷേപ അവസരങ്ങളില്‍ ഉള്‍പ്പെടുന്നു. മുസാതഹ കരാറുകള്‍, ദീര്‍ഘകാല പാട്ടവ്യവസ്ഥകള്‍, പൊതു-സ്വകാര്യ പങ്കാളിത്തങ്ങള്‍, സുപ്രധാന വികസന പങ്കാളിത്തങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ മാതൃകകള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നു.

ഘട്ടംഘട്ടമായുള്ള വികസനം

2030 വരെ നീളുന്ന വികസനത്തിന്‍റെ ഒന്നാം ഘട്ടത്തില്‍, എയ്ത് സ്ട്രീറ്റ്, ഇ30 കോറിഡോര്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. വടക്കേ മുസഫയിലെയും വടക്കേ വാട്ടര്‍ഫ്രണ്ടിന്‍റെയും പൈലറ്റ് സൈറ്റുകളിലാണ് വികസനം കേന്ദ്രീകരിക്കുന്നത്. പുതിയ വാണിജ്യ-പാര്‍പ്പിട വികസനങ്ങള്‍, പുതിയ ജില്ല കേന്ദ്രം, ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍ നവീകരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വികസനത്തിന് അനുയോജ്യമായ ഏകദേശം 100 ഹെക്ടര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ആദ്യമായി ലഭ്യമാക്കുന്നത്.

മുന്‍ഗണനാ വികസന മേഖലകള്‍: ഓട്ടോമോട്ടീവ് സേവനങ്ങള്‍, ആശാരിപ്പണി, തടി വ്യവസായം, ഭക്ഷ്യ ഉത്പാദനം, ചില്ലറ-വ്യാപാര മേഖലകള്‍ തുടങ്ങിയ വ്യവസായ പ്രവര്‍ത്തനങ്ങള്‍; വെയര്‍ഹൗസിങ്, കോള്‍ഡ് സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ നഗരതല ലോജിസ്റ്റിക്‌സ്; കൂടാതെ അബൂദബിയുടെ നിർമാണ മേഖലക്ക് ആവശ്യമായ വസ്തുക്കളും പ്രീഫാബ്രിക്കേറ്റഡ് ഘടകങ്ങളും അടങ്ങിയ ഹരിത നിർമാണ വ്യവസായങ്ങള്‍.

2030 മുതല്‍ 2035 വരെയുള്ള രണ്ടാം ഘട്ടത്തില്‍, 100 ഹെക്ടറിലധികം വിസ്തൃതിയിലേക്കും പദ്ധതി വിപുലീകരിക്കും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കുമ്പോള്‍, ജി.ഡി.പി. 12.3 ശതമാനം വർധിക്കുമെന്നും, പ്രതിവര്‍ഷം 227 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ജി.ഡി.പി സംഭാവന നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ഏകദേശം 269,800 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതില്‍ 26 ശതമാനവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികളായിരിക്കും.

Tags:    
News Summary - Mussafah Industrial Area upgrading to global standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.