ദുബൈയിൽ 11.5 കോടി ദിർഹം വിലമതിക്കുന്ന 2.323 ടൺ മയക്കുമരുന്ന് പിടികൂടി
ദുബൈ: ദുബൈയിൽ 11.5 കോടിയിലധികം ദിർഹം (11,51,91,233 ദിർഹം) വിലമതിക്കുന്ന 2.323 ടൺ മയക്കുമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. വിദേശത്തുള്ള അന്താരാഷ്ട്ര ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 14 ഏഷ്യൻ സ്വദേശികളെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ വലിയൊരു വിതരണ പദ്ധതിയാണ് പോലീസിന്‍റെ കൃത്യമായ ഇടപെടലിലൂടെ തകർത്തത്.
113 കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന സനാക്സ്, ട്രമാഡോൾ, ലിറിക്ക തുടങ്ങിയ മയക്കുമരുന്ന് ഗുളികകളും സൈക്കോട്രോപിക് മരുന്നുകളുമാണ് പ്രധാനമായും കണ്ടെടുത്തത്. ഇതിനുപുറമെ ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ, ആൽക്കൺ മൈഡ്രിയാസിൽ തുള്ളിമരുന്നുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാജ്യത്തിനുള്ളിൽ വലിയ അളവിൽ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഒരു സംഘം തയാറെടുക്കുന്നതായി ദുബൈ പൊലീസിലെ ജനറൽ ഡിപാർട്മെന്‍റ് ഓഫ് ആന്‍റി നാർക്കോട്ടിക്സിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പ്രതികളുടെ നീക്കങ്ങളും കൃത്യമായ പങ്കും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
കൃത്യമായ സുരക്ഷാ പദ്ധതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഓരോരുത്തരെയായി 14 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്ക് വിദേശത്തുള്ള സംഘടിത ക്രിമിനൽ ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി തുടരന്വേഷണത്തിനായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
സമൂഹത്തെ മയക്കുമരുന്നിന്‍റെ ഭീഷണയിൽനിന്ന് സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന യെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കർശനമായി പിന്തുടരും. രാജ്യ സുരക്ഷക്കും സമാധാനത്തിനും ഭീഷണി ഉയർത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.