അബൂദബി: അബൂദബിയിലെ ജല ടാക്സികൾ അടക്കമുള്ള പൊതു സമുദ്രഗതാഗത സംവിധാനം 2021 മുതൽ ഇതുവരെ സേവനം നൽകിയത് ഏഴു ലക്ഷത്തിലധികം യാത്രക്കാർക്ക്. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് പ്രദർശന വേളകളിൽ സൗജന്യ ജല ടാക്സി യാത്രകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും സന്ദർശകർക്ക് സൗജന്യമായി 20 മിനിറ്റ് കടൽയാത്ര ആസ്വദിക്കാമെന്നും എഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ അബൂദബി മാരിടൈം വകുപ്പ് വിശദീകരിച്ചു.
നവംബർ 20 മുതൽ 23 വരെ നടന്ന പ്രദർശന കാലയളവിൽ രാവിലെ 8.30നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിലായി അഡ്നെക് മറീനയിൽ നിന്ന് ദിവസേന ആറ് ട്രിപ്പുകൾ ആണ് നടത്തിയത്.നഗര ഗതാഗതവകുപ്പിന്റെയും എഡി പോർട്ട്സ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ 2020ൽ സ്ഥാപിതമായ അബൂദബി മാരിടൈം ആണ് അബൂദബിയിലെ ജലപാതകളെ നിയന്ത്രിക്കുന്നത്. എല്ലാ വാണിജ്യ, കമ്യൂണിറ്റി തുറമുഖങ്ങൾ, വിനോദ മറീനകൾ, കപ്പലുകൾ, ജലപാത ഉപയോക്താക്കൾ, സമുദ്ര സേവന ദാതാക്കൾ, മറ്റ് അനുബന്ധ സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ മേൽനോട്ടം അബൂദബി മാരി ടൈമിന്റെ ഉത്തരവാദിത്തങ്ങളാണ്. 2022ൽ സേവനങ്ങൾ ആരംഭിച്ചതുമുതൽ, അബൂദബി മാരിടൈമുമായി സഹകരിച്ച് സംയോജിത ഗതാഗത കേന്ദ്രവുമായി സഹകരിച്ച് യാസ് ബേ ഏരിയയിലുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് വാട്ടർ ടാക്സി റൂട്ടുകൾ സർവിസ് നടത്തിവരുന്നുണ്ട്. 2022 അവസാനത്തോടെ മിറാലുമായി സഹകരിച്ച് അബൂദബി മാരിടൈം ഒരു പുതിയ വാട്ടർ ടാക്സി സേവനം ആരംഭിച്ചു. യാസ് ബേയിലും അൽ റാഹ ബീച്ചിലും ഈ സേവനം പ്രവർത്തിക്കുന്നു.
സുസ്ഥിരവും മനോഹരവുമായ ഒരു ഗതാഗത പരിഹാരം അൽ റാഹ പ്രദേശത്തെ കമ്യൂണിറ്റികളെ ബന്ധിപ്പിക്കുകയും യാസ് ദ്വീപിന്റെ വളരുന്ന വാട്ടർഫ്രണ്ട് ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്യാൻ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര പൊതുഗതാഗത സൗകര്യം ആണ് വാട്ടർ ടാക്സി സേവനം വാഗ്ദാനം ചെയ്യുന്നത്.
റേസ് പ്രേമികൾക്ക് ബദൽ ഗതാഗത ഓപ്ഷനുകൾ നൽകിക്കൊണ്ട് യാസ് മറീന സർക്യൂട്ടിലെ 2022 ഫോർമുല 1 സീസൺ പോലുള്ള പ്രധാന പരിപാടികളെയും ഇത് പിന്തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.