ദുബൈ: നഗരത്തിൽ ദുബൈ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് യാചകർ പിടിയിലായി. ഇവരിൽ ഒരാൾക്ക് സ്വന്തമായുള്ളത് മൂന്ന് ആഡംബര കാറുകൾ. പിടിയിലായ മറ്റൊരു ഭിക്ഷക്കാരന്‍റെ കൈവശമുണ്ടായിരുന്നത് 25,000ലത്തികം ദിർഹം. പായയുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ദിർഹമെന്ന് ദുബൈ പൊലീസ് വെളിപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് നഗരത്തിലെ പ്രധാന മാർക്കറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഒരു പായ വിരിച്ചായിരുന്നു ഇയാളുടെ ഭിക്ഷാടനം. പരിശോധനക്കിടിടെ ഇതിന്‍റെ അടിയിൽ നിന്നാണ് കാൽലക്ഷം ദിർഹം പൊലീസ് കണ്ടെത്തിയത്.
പണമുണ്ടാക്കാൻ ജനങ്ങളുടെ സഹതാപം ചിലർ എങ്ങനെയാണ് ചൂഷണം ചെയ്യുന്നുവെന്നതിന്‍റെ ഏറ്റവും ഉത്തമ ഉദാഹരണമാണിതെന്ന് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു. മൂന്ന് ആഡംബര കാറുകൾ സ്വന്തമായുണ്ടായിട്ടും ഭിക്ഷാടനം നടത്തിവന്ന താമസക്കാരന്‍റെ അറസ്റ്റാണ് ഇതിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത്.
പള്ളിയുടെയും താമസകെട്ടിടങ്ങളുടെയും സമീപം രണ്ട് വയസുള്ള കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്നതിനെ മറ്റൊരു പ്രതിയും പൊലീസ് പിടിയിലായി. യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റുന്നതിനായാണ് ഇയാൾ കുഞ്ഞിനെയും ഭിക്ഷാടനത്തിന് ഉപയോഗിച്ചത്. പരിശോധനയിൽ വിത്യസ്ത രാജ്യങ്ങളുടെ കറൻസികൾ ഉൾപ്പെടുന്ന 20,000 ക്യാഷ് ഇയാളിൽ നിന്ന് കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ ഇത്രയും തുക ശേഖരിച്ചത്. സന്ദർശന വിസയിലാണ് ഇയാൾ രാജ്യത്ത് പ്രവേശിച്ചത്.
തുടർ നടപടികൾക്കായി പ്രതികളെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുടുംബങ്ങൾ ഉൾപ്പെടുന്ന സംഘടിതമായ ഭിക്ഷാടനമാണ് നഗരത്തിൽ നടന്നുവരുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണിതിൽ ഭൂരിഭാഗവുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് ക്യാപ്റ്റൻ അമ്മാർ താരിഖ് പറഞ്ഞു. സ്വന്തം കുട്ടികളേയും ഇവർ ഭിക്ഷാടനത്തിനായി ചൂഷണം ചെയ്യുകയാണ്. 14ലിനും 13നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടികൾ.
രാവിലെ മുതൽ രാത്രി വരെ കുട്ടികളെ രക്ഷിതാക്കൾ ഭിക്ഷാടനത്തിന് നിർബന്ധിക്കുകയാണ്. ഇവർക്ക് മതിയായ വിദ്യാഭ്യാസം പോലും നൽകാറില്ല. ചില കുട്ടികൾക്ക് സ്വന്തം പേര് പോലും എഴുതാനറിയില്ല. ഇത് ഇവർക്കെതിരായ ഗുരുതരമായ അനീതിയാണെന്നും അത്തരക്കാരെ പിടികൂടി നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിൽ സംഘടിത ഭിക്ഷാടനത്തിന് 10 വർഷം വരെയാണ് ജയിൽ ശിക്ഷ. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭിക്ഷാടന കേസുകളിൽ 70 ശതമാനം വരെ കുറവ് വരുത്താനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.