യു.എ.ഇയിൽ ഡെലിവറി തൊഴിലാളികൾക്കായി ഒരുങ്ങുന്നത് 12,000ത്തിലധികം വിശ്രമ കേന്ദ്രങ്ങൾ

അബൂദബി: യു.എ.ഇയിലുടനീളമുള്ള ഡെലിവറി തൊഴിലാളികൾക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ 12,000-ത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വെളിപ്പെടുത്തി. വിവിധ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വേനൽക്കാലത്ത് നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് വിലക്കുന്ന ‘ഉച്ചസമയ വിശ്രമം’ നടപ്പാക്കുന്ന കാലയളവിലുടനീളം ഈ വിശ്രമ കേന്ദ്രങ്ങൾ ഡെലിവറി തൊഴിലാളികൾക്ക് ലഭ്യമായിരിക്കും. 2026 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, ഉച്ച 12.30 മുതൽ വൈകുന്നേരം 3.00 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ നാലാം വർഷവും ഡെലിവറി തൊഴിലാളികൾക്കായി വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നത് തൊഴിൽ വിപണിയിൽ മനുഷ്യത്വപരമായ സമീപനത്തിന് യു.എ.ഇ നൽകുന്ന മുൻഗണനക്ക് തെളിവാണ്.

ഡെലിവറി സർവീസ് എന്നത് സുപ്രധാന ലോജിസ്റ്റിക്സ് മേഖലയായതിനാൽ ഈ സംരംഭം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉച്ച സമയ വിശ്രമം നിർബന്ധമാക്കുന്ന നടപ്പാക്കുന്ന സമയത്ത് ഡെലിവറി തൊഴിലാളികൾ ഒരു നിശ്ചിത സ്ഥലത്ത് സ്ഥിരമായി ഉണ്ടാകണമെന്നില്ല. കൂടാതെ, ചില സാധനങ്ങൾ അവർക്ക് കൃത്യസമയത്ത് എത്തിക്കേണ്ടതുമുണ്ട്. അതിനാൽ, ജോലിക്കിടയിൽ ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വിശ്രമ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. അവരുടെ ആപ്പുകളിലെ ഇന്‍ററാക്ടീവ് മാപ്പുകൾ വഴി വിശ്രമ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും.

നിയന്ത്രിത സമയങ്ങളിൽ ജോലി തുടരണോ താൽക്കാലികമായി നിർത്തിവെക്കണോ എന്നത് ജോലി ചെയ്യുന്ന കമ്പനിയുമായി ആലോചിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഡെലിവറി തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ), അബൂദബിയിലെ ഡിപാർട്ട്‌മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർടിന്‍റെ (ഡി.എം.ഡി) കീഴിലുള്ള അബൂദബി മൊബിലിറ്റി, വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകൾ, എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു. ഇതിനൊപ്പം തലബാത്, ഡെലിവറൂ, നൂൺ, കരീം, കീറ്റ തുടങ്ങിയ പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെയും പങ്കാളിത്തത്തെയും മന്ത്രാലയം പ്രശംസിച്ചു. നിരവധി റെസ്റ്റോറന്‍റുകൾ, ഷോപ്പിങ് മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയും ഈ സംരംഭത്തിന്‍റെ ഭാഗമായിട്ടുണ്ട്.

Tags:    
News Summary - More than 12,000 rest areas being prepared for delivery workers in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.