പുതുതായി സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ സ്ഥാപിച്ച കാൽനട ക്രോസിങ്
ദുബൈ: കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് നിശ്ചയിച്ച കൂടുതൽ സ്ഥലങ്ങളിൽ സ്മാർട്ട് സിഗ്നൽ സംവിധാനം ഏർപ്പെടുത്തി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നിലവിൽ പൂർത്തിയായത്. ആകെ 10 സ്ഥലങ്ങളിലാണ് ഈ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. നേരത്തേ ഒന്നാം ഘട്ടത്തിൽ 17 കാൽനട ക്രോസിങ്ങുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. ഇതോടെ നഗരത്തിൽ ആകെ 27 ഇടങ്ങളിൽ സംവിധാനം നിലവിൽവന്നു.
ഏറ്റവും നൂതനമായ സ്മാർട്ട് സംവിധാനങ്ങൾ ഗതാഗത രംഗത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആർ.ടി.എ പദ്ധതി രൂപപ്പെടുത്തിയത്. ഇതുവഴി റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും കാൽനടക്കാരുടെയും വാഹനങ്ങളുടെയും പ്രയാസരഹിതമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതാണ് നടപടി. ഉമർ ബിൻ ഖത്താബ് സ്ട്രീറ്റ്, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ ഖിസൈസ് സ്ട്രീറ്റ് (ലേബർ ക്യാമ്പുകൾക്ക് സമീപം), ഊദ് മേത്ത സ്ട്രീറ്റ് (സ്കൂൾ മേഖലക്ക് മുന്നിൽ) എന്നിവയാണ് പുതുതായി സംവിധാനം ഏർപ്പെടുത്തിയ സ്ഥലങ്ങളെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഇൻറലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു. സംവിധാനം സ്ഥാപിച്ച ശേഷം സുരക്ഷ വർധിച്ചതായും റോഡ് അനുഭവം ശക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ തെർമൽ കാമറകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മുഴു സമയവും പ്രവർത്തിക്കുന്ന ഈ കാമറകൾ കാൽനടക്കാരുടെ സാന്നിധ്യം പകർത്തുകയും, പുഷ് ബട്ടൻ അമർത്തുന്നതിന് അനുസരിച്ച് മുറിച്ചു കടക്കുന്നതിന് സിഗ്നൽ നൽകുകയും ചെയ്യും. ഇതുവഴി കാൽനടക്കാർക്കും കടന്നുപോകുന്ന വാഹനങ്ങൾക്കും ഗതാഗതം എളുപ്പമാകും.കാൽനടക്കാരുടെ കടന്നുപോകലിന്റെ വേഗമനുസരിച്ച് സെൻസറുകൾ ആവശ്യാനുസരണം സമയം അനുവദിക്കാൻ സഹായിക്കും. മുതിർന്നവർ, നിശ്ചയദാർഢ്യ വിഭാഗക്കാർ, കുട്ടികൾ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്താനും അനാവശ്യമായ വാഹന കാത്തിരിപ്പ് സമയം കുറക്കാനും സംവിധാനം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.