അബൂദബി: ആവശ്യങ്ങള്‍ക്കനുസരിച്ച് ചരക്കുവാഹനമായോ യാത്രാവാഹനമായോ രൂപമാറ്റം വരുത്താന്‍ കഴിയുന്ന മോഡുലാര്‍ വാഹനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ലോകത്തിലെ ആദ്യ നഗരമായി അബൂദബി. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍ സംഘടിപ്പിച്ച അബൂദബി ഓട്ടോണമസ് സിസ്റ്റംസ് വാരത്തില്‍ സംയോജിത ഗതാഗത മന്ത്രാലയമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ലോകത്തിൽ ആദ്യമായി അംഗീകൃതമായ മോഡുലർ സ്മാർട്ട് വാഹനങ്ങൾ വികസിപ്പിച്ചിരിക്കുന്ന കമ്പനിയായ നെക്സ്റ്റ് വികസിപ്പിച്ച സ്വതന്ത്ര റോഡ് വിഭാഗത്തില്‍പെട്ട മോഡുലാര്‍ വാഹനത്തിനാണ് അബൂദബി അംഗീകാരം നല്‍കിയിരിക്കുന്നത്. ആഴത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും ന്യൂയോര്‍ക്കിലെയും അബൂദബിയിലെയും സ്ഥാപനങ്ങളുടെ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് മോഡുലാര്‍ വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ വാഹനങ്ങളുടെ റോഡ് ക്ഷമതയും സുസ്ഥിരതയും നഗര ഗതാഗതത്തിലെ അവയുടെ ഉയര്‍ന്ന വഴക്കവുമൊക്കെ പരീക്ഷിച്ചറിഞ്ഞാണ് തീരുമാനം.
യാത്രക്കാരുടെ എണ്ണമനുസരിച്ചോ അല്ലെങ്കില്‍ ആവശ്യമനുസരിച്ചോ മോഡുലാര്‍ വാഹനങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും അഴിച്ചുമാറ്റാനും കഴിയുന്ന ഭാഗങ്ങളുണ്ട്. ആവശ്യമനുസരിച്ച് വാഹനത്തിന് രൂപമാറ്റം കഴിയുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും ഉപയോഗക്ഷമത കൂട്ടാനുമാകും. എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി, ലിഫ്റ്റാങ്കോ, പരഡിഗ്മ ഇന്നവേഷന്‍ ഹബ് എന്നിവയുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം മോഡുലാര്‍ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടത്തിയത്.
യാസ് ഐലന്‍ഡിലായിരുന്നു മോഡുലാര്‍ വാഹനങ്ങളുടെ വിവിധ രീതിയിലുള്ള യാത്രകള്‍ പരീക്ഷിച്ചത്. ഡ്രൈവറില്ലാതെ ഈ വാഹനങ്ങളുടെ സഞ്ചാരം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വൈകാതെ ഇവ അബൂദബിയുടെ നിരത്തുകളില്‍ ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ചു സഞ്ചരിക്കും. സംയോജിത ഗതാഗത കേന്ദ്രം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്ഗഫീലി, നെക്സ്റ്റ് സി.ഐ.ഒ അന്റോണിയോ ഗോഡഗ്നിനോ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.