ദുബൈ: കാത്തുകാത്തിരുന്നിട്ടും പല വാതിലുകൾ മുട്ടിയിട്ടും മടക്കയാത്രക്ക് വഴിതെളിയാതെ വലഞ്ഞ 50 പേർ. അവർക്കിന്ന് ആശ്വാസത്തിെൻറ ദിനമാണ്.
പ്രവാസ ജനതയുടെ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഓഫ് കംപാഷെൻറ’രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനത്തിൽ ഈ 50 പേർ ശനിയാഴ്ച നാടണയും. സൗജന്യ വിമാന സർവിസുകളുടെ ഒഴുക്ക് ഏറക്കുറെ നിലച്ച അവസ്ഥയിലാണ് ആശ്വാസത്തിെൻറ തെളിനീരുമായി മിഷൻ വിങ്സ് അവതരിച്ചത്. ഉച്ചക്ക് രണ്ടിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റൺവേയിൽ നിന്ന് ൈഫ്ല ദുബൈ വിമാനം (FZ 8911) പറന്നുയരും. ഇൗ സർവിസിൽ 50 പേർക്കുള്ള ടിക്കറ്റാണ് മിഷൻ നൽകുന്നത്. ഇന്ത്യൻ സമയം 7.30ന് കോഴിക്കോട് വിമാനത്താവളത്തിൽ പറന്നിറങ്ങും.
കുടുംബങ്ങളും കുഞ്ഞുങ്ങളും ജോലി നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരും രോഗികളുമടങ്ങിയ സംഘമാണ് ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.
വിസ പുതുക്കാത്തവർക്ക് രാജ്യത്ത് തങ്ങാൻ യു.എ.ഇ അനുവദിച്ച കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രണ്ടാഴ്ച കഴിഞ്ഞാൽ പിഴ അടക്കേണ്ടിവരുമെന്ന ആശങ്കയിൽ കഴിഞ്ഞവരാണ് നാടണയുന്നവരിൽ ഏറെയും. വിസ കാലാവധി അവസാനിക്കുന്ന അവസാന നിമഷം വരെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലും വന്ദേഭാരതിലുമായി 250ഓളം പേർക്ക് യാത്രയൊരുക്കിയ ശേഷമാണ് മിഷൻ ടീം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
ആദ്യ ഘട്ടത്തിലേതിന് സമാനമായി ഇക്കുറിയും രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ അപേക്ഷകളുടെ പ്രവാഹമായിരുന്നു. തികച്ചും അർഹരാണെന്ന് അന്വേഷിച്ച് വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് 50 പേരെ തിരഞ്ഞെടുത്തത്. മഹാമാരിക്കാലത്ത് നാടണയാൻ കഴിയാതെ മറുനാട്ടിൽ കുടുങ്ങിയവർക്ക് തുണയേകാനാണ് സുമനസ്സുകളുടെ സഹായത്തോടെ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി നടപ്പാക്കിയത്. വിവിധ ജി.സി.സികളിൽ നിന്ന് ഇതിനകം നൂറുകണക്കിനാളുകൾ മിഷെൻറ ചിറകിലേറി നാടണഞ്ഞുകഴിഞ്ഞു.
കുടുങ്ങിപ്പോയ കുടുംബങ്ങൾക്ക് യാത്രയൊരുക്കി ‘മിഷൻ കംപാഷൻ’
ദുബൈ: ആകാശമാർഗങ്ങൾക്ക് വിലക്ക് വീണ മാർച്ചിെൻറ രണ്ടാം പാദത്തിലാണ് തൃശൂർ പാടൂർ സ്വദേശി മുനീറിെൻറ മൂന്ന് മക്കളും ഭാര്യയുടെ മാതാപിതാക്കളും ദുബൈയിലെത്തിയത്. ഒരുമാസത്തെ വിസിറ്റിങ് വിസയിലായിരുന്നു സന്ദർശനം. കൈ നിറയെ കാശുണ്ടായിട്ടല്ല, അറബിനാട് കാണണമെന്ന അസുഖബാധിതയായ മകളുടെ ആഗ്രഹ സഫലീകരണത്തിനാണ് ഇല്ലാത്ത പണമുണ്ടാക്കി മുനീർ ഇവരെ ഗൾഫിലെത്തിച്ചത്. തൊട്ടുപിന്നാലെ കോവിഡും ലോക്ഡൗണുമെത്തി. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഹോട്ടൽ മേഖലയിൽ ജോലിചെയ്തിരുന്ന മുനീറിെൻറ തൊഴിൽ അവതാളത്തിലായി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യയുടെ ശമ്പളത്തിലും കമ്പനിയുടെ പിടിവീണു. കെ.എം.സി.സിയും സന്നദ്ധ സംഘടനകളും നൽകിയ ഭക്ഷണകിറ്റുകളും യു.എ.ഇ വിസ കാലാവധി നീട്ടി നിൽകിയതും മാത്രമായിരുന്നു ഏക ആശ്വാസം.
എന്നാൽ, വിസ കാലാവധി കഴിഞ്ഞവർ ആഗസ്റ്റ് പത്തോടെ രാജ്യം വിടണമെന്ന നിർദേശംകൂടി വന്നതോടെ പ്രതിസന്ധിയിലായ കുടുംബവും ഇന്ന് മിഷൻ വിങ്സ് ഓഫ് കംപാഷെൻറ ചിറകിലേറി നാട്ടിലേക്ക് പറക്കും. ‘‘മാധ്യമം-മീഡിയവൺ പദ്ധതിയിലേക്ക് ഒാൺലൈനായി അപേക്ഷ നൽകുേമ്പാഴും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, മിഷൻ ടീം ഞങ്ങളെ കൈവിട്ടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അഞ്ചു പേർക്ക് ടിക്കറ്റെടുക്കണമെങ്കിൽ ചുരുങ്ങിയത് 5000 ദിർഹമെങ്കിലും (ഒരുലക്ഷം രൂപ) വേണം. ഇവിടേക്ക് വരുേമ്പാൾ ടിക്കറ്റ് നിരക്ക് വളരെ കുറവായിരുന്നു. പല സന്നദ്ധ സംഘടനകളെയും സമീപിച്ചെങ്കിലും അഞ്ച് പേരുള്ളതിനാൽ സൗജന്യ യാത്രയൊരുക്കാൻ ആരും തയാറായില്ല. ഹൃദയസംബന്ധമായ അസുഖമുള്ള മകൾക്ക് തിരുവനന്തപുരം ശ്രീചിത്തിരയിലാണ് ചികിത്സ. ഒരു കൈ തളർന്ന അവസ്ഥയിലാണ്. അവളുടെ ആഗ്രഹമായിരുന്നു ഗൾഫിൽ എത്തുക എന്നത്. മാതാപിതാക്കളുടെ മരുന്നുകളെല്ലാം തീർന്നു. ദിവസങ്ങൾ കഴിഞ്ഞാൽ പിഴ അടക്കുകയോ വിസ പുതുക്കുകേയാ ചെയ്യേണ്ടിവരുമെന്ന അവസ്ഥയിൽനിന്നാണ് ഞങ്ങൾക്ക് മോചനം ലഭിച്ചത്’’-മുനീറും ഭാര്യയും പറയുന്നു.
തൃശൂർ വേലൂർ സ്വദേശി വിജയ്യുടെ ഗർഭിണിയായ ഭാര്യയും രണ്ടര വയസ്സുള്ള കുഞ്ഞും ഈ വിമാനത്തിൽ നാടണയുന്നുണ്ട്. ജനുവരിയിലാണ് ഇവർ വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിയത്. ദുബൈയിലെ ക്ലിനിക്കിൽ സോഷ്യൽ മീഡിയ കണ്ടൻറ് മേക്കറായ വിജയ്ക്ക് കോവിഡ് എത്തിയതോടെ രണ്ട് മാസത്തോളം ജോലിയില്ലായിരുന്നു. ജോലിയിൽ തിരികെ കയറിപ്പോഴാകട്ടെ, 60 ശതമാനം ശമ്പളം വെട്ടിക്കുറച്ചു. പഴയ നില വീണ്ടെടുക്കുേമ്പാൾ ശമ്പളവും പഴയ പോലെയാകുമെന്ന പ്രതീക്ഷയിലാണ് വിജയ് ഇവിടെ തുടരുന്നത്. എന്നാൽ, നിലവിലെ ശമ്പളം വെച്ച് ദുബൈയിൽ ദൈനംദിന ചെലവുപോലും നടന്നുപോകാത്തതിനാലാണ് ഭാര്യയെയും കുഞ്ഞിനെയും നാട്ടിലേക്ക് അയക്കുന്നത്.
കാസർകോട് ചെറുവട്ടൂർ സ്വദേശി ഹുസൈനും പങ്കുവെക്കാനുള്ളത് സമാന അനുഭവമാണ്. ഒരുമാസത്തെ വിസിറ്റിങ് വിസയിലാണ് ഭാര്യയും നാല് വയസ്സുള്ള കുട്ടിയും അബൂദബിയിൽ എത്തിയത്. ജോലിയുണ്ടെങ്കിലും ശമ്പളമില്ലാതെ ഭാര്യാ സഹോദരനും ഇവർക്കൊപ്പമായിരുന്നു താമസം.
ഹുസൈെൻറ ശമ്പളം നേർപകുതിയായി വെട്ടിച്ചുരുക്കിയതോടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങി. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്ത ഭാര്യ ഗർഭിണിയായതോടെ എങ്ങനെയെങ്കിലും ഇവരെ നാട്ടിലെത്തിക്കുക എന്നതായിരുന്നു ഏക ലക്ഷ്യം. ആദ്യ ഘട്ടത്തിൽ വന്ദേഭാരത് മിഷനിൽ പേര് രജിസ്റ്റർ ചെയ്തെങ്കിലും വിളി വന്നില്ല. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നു. പലവാതിലുകൾ മുട്ടിയെങ്കിലും തുറന്നില്ല. ഒടുവിൽ മിഷൻ വിങ്സ് ഓഫ് കംപാഷൻ ഈ കുടുംബത്തെയും ഏറ്റെടുക്കുകയായിരുന്നു. ഹുസൈെൻറ ഭാര്യയും കുട്ടിയും ഭാര്യാ സഹോദരനുമാണ് ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.