അബൂദബി: വേനല്‍ക്കാലത്ത് അബൂദബിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ റെക്കോഡ് സന്ദര്‍ശകരെന്ന് മിറാല്‍. യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളിലെ പാര്‍ക്കുകളിലും മറ്റ് വിനോദകേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായി. സീവേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, ഫെരാരി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ് എന്നിവിടങ്ങളില്‍ 15 ശതമാനം വളര്‍ച്ചയാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായത്.
യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വര്‍ധനയുണ്ടായി. ആഗസ്റ്റില്‍ അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധിച്ചതായും മിറാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൂവ്ര് അബൂദബി, ടീം ലാബ് ഫിനോമിന എന്നിവ നിലകൊള്ളുന്ന സഅദിയാത്ത് ഐലന്‍ഡില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 2025 ഏപ്രിലില്‍ തുറന്ന ടീ ലാബ് ഫിനോമിന പ്രതീക്ഷിച്ചതിലുമേറെ സന്ദര്‍ശകരെയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ഇരു ദ്വീപുകളിലെയും ഹോട്ടലുകളിലും താമസക്കാരുടെ വര്‍ധനയുണ്ട്.
യാസ് ഐലന്‍ഡിലെ ഹോട്ടലുകളില്‍ 85 ശതമാനമാണ് താമസക്കാര്‍. സഅദിയാത്ത് ഐലന്‍ഡിലെ ഹോട്ടലുകളില്‍ 66 ശതമാനവും അതിഥികളുണ്ട്. അബൂദബിയുടെ കരുത്തിന്റെ പ്രതിഫലനമാണ് എമിറേറ്റിലെ വൈവിധ്യമുള്ള വിനോദസൗകര്യങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമെന്ന് മിറാല്‍ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അല്‍സാബി പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധന തെളിയിക്കുന്നത് ആഗോള ടൂറിസം കേന്ദ്രമെന്ന അബൂദബിയുടെ പദവി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.