ഷാർജ: ഖോർഫുക്കാൻ തീരത്തിന് സമീപം ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണമായത് ഒരു കപ്പൽ അധികൃതരുടെ കണക്കുകൂട്ടൽ തെറ്റിയതെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ രണ്ട് കപ്പലുകൾക്കും കേടുപാടുണ്ടാവുകയും ഒരു കപ്പലിന് തീപിടിക്കുകയും ചെയ്തിരുന്നു. അഡാലിൻ എന്ന കപ്പലാണ് ഫ്രണ്ട് ഈഗിൾ എന്ന കപ്പലുമായി കൂട്ടിയിടിച്ചത്.കപ്പലിലെ തീപിടിത്തം അണച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ചൊവ്വാഴ്ച കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിച്ചിരുന്നു.അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് അപകടത്തിന്റെ സാങ്കേതിക അന്വേഷണം പുരോഗമിക്കുകയാണ്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നാവിക മാനദണ്ഡങ്ങൾ പ്രകാരം തികച്ചും സുതാര്യമായാണ് അന്വേഷണം നടത്തുകയെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലെ സമീപകാല സംഘർഷങ്ങളുമായി കൂട്ടിയിടിക്ക് ബന്ധമില്ലെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷ സ്ഥാപനമായ ആംബ്രെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും സമീപ ദിവസങ്ങളിലായി വാണിജ്യ കപ്പലുകളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.