അബൂദബി: ചികിത്സാപ്പിഴവ് വരുത്തിയ ആശുപത്രിക്കും ഡോക്ടര്‍ക്കും പിഴ ചുമത്തി അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. മകന്റെ ചികിത്സയില്‍ പിഴവ് വരുത്തിയ ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കുമെതിരെ യുവതി നല്കിയ പരാതിയിലാണ് സ്ഥാപനവും ഡോക്ടറും ചേര്‍ന്ന് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും പരാതിക്കാരിയുടെ കോടതിച്ചെലവുകൾ നല്‍കാനും കോടതി ഉത്തരവിട്ടത്.
തുടര്‍ച്ചയായ വേദന അനുഭവപ്പെട്ട മകനുമായാണ് പരാതിക്കാരി ആശുപത്രിയിലെത്തിയത്. എന്നാല്‍, ചികില്‍സിച്ച ഡോക്ടര്‍ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും എന്നാല്‍ യഥാവിധി പരിശോധനകള്‍ നടത്തുന്നതിലും സി.ടി സ്കാന്‍ ചെയ്യുന്നതിലും ആവശ്യമായ ആന്റിബയോട്ടിക്കുകള്‍ കുറിക്കുന്നതിലും പരാജയപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഇതുമൂലം തന്റെ മകന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് യുവതി ആശുപത്രിക്കെതിരേയും ഡോക്ടര്‍ക്കെതിരേയും പരാതിയുമായി കോടതിയെ സമീപിച്ചത്. ചികില്‍സാപ്പിഴവിന് നഷ്ടപരിഹാരമായി 3,50,000 ദിര്‍ഹവും ഇതിന്റെ 12 ശതമാനം പലിശയും കോടതിച്ചെലവുകളും എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
കോടതി വിഷയത്തില്‍ സുപ്രീംമെഡിക്കല് ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തേടുകയും ഇതില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തു. ഡോക്ടര്‍ മെഡിക്കല്‍ പ്രോട്ടോകോളുകള്‍ പാലിച്ചില്ലെന്നും മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതെന്നും കമ്മിറ്റി കണ്ടെത്തി. തുടര്‍ന്നാണ് പരാതിക്കാരിയും മകനും നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്കാന് ആശുപത്രിയോടും
ഡോക്ടറോടും നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.