യു.എ.ഇ. സായുധ സേനയുടെ ഏകീകരണത്തിന്റെ 47ാം വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്‍ സംബന്ധിച്ചപ്പോൾ

ആഘോഷമായി സമൂഹ വിവാഹം; സാക്ഷിയായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ്

അബൂദബി: യു.എ.ഇ. സായുധ സേനയുടെ ഏകീകരണത്തിന്റെ 47ാം വാര്‍ഷികദിനാഘോഷം ഇമാറാത്തി ജനതയ്ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. 500 പേരുടെ സമൂഹ വിവാഹം സംഘടിപ്പിച്ചാണ് സന്തോഷം പങ്കിട്ടത്. വാര്‍ഷികദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്‍ സംബന്ധിച്ചു.

യു.എ.ഇ. പ്രസിഡന്റും യു.എ.ഇ സായുധസേന സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹിയാന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു സമൂഹവിവാഹച്ചടങ്ങ്. സൈനികരും വീരമൃത്യു വരിച്ച സൈനികരുടെ മക്കളും സിവിലിയന്മാരും അടക്കമുള്ളവരായിരുന്നു 500 വരന്‍മാര്‍.

അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തിലായിരുന്നു സമൂഹവിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. നവദമ്പതിമാരെ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അഭിനന്ദിച്ചു. സന്തോഷകരവും വിജയകരവുമായ വിവാഹജീവിതവും അദ്ദേഹം അവര്‍ക്ക് ആശംസിക്കുകയുണ്ടായി. രാഷ്ട്രവികസനത്തിന്റെ മൂലക്കല്ലുകളാണ് ശക്തമായ കുടുംബങ്ങളെന്നും കെട്ടുറപ്പുള്ള സമൂഹനിര്‍മാണത്തിന് സ്വദേശികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ യു.എ.ഇ. നേതൃത്വം പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഈസാ സെയിഫ് ബിന്‍ അല്‍ബാന്‍ അല്‍ മസ്‌റൂയി, പ്രതിരോധ വകുപ്പ് അണ്ടര്‍ സെക്രട്ടറി മതര്‍ സാലിം അലി അല്‍ ദാഹരി, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ശൈഖ് അഹമ്മദ് ബിന്‍ താനൂന്‍ ആൽമ, വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ താനൂന്‍ ബിന്‍ മുഹമ്മദ് ആൽ നഹിയാന്‍, പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വരന്മാരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - mass marriage- u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.