ഷാർജ: ഷാർജ സ്റ്റാമ്പ് എക്സിബിഷനിൽ മലയാളിക്ക് വെള്ളി മെഡൽ. ഒക്ടോബർ 29 മുതൽ നവംബർ രണ്ടുവരെ ഷാർജ മെഗാമാളിൽ നടന്ന പ്രദർശനത്തിൽ കാസർകോട് ചെറങ്ങായി സ്വദേശിയും പ്രവാസിയുമായ ഇംതിയാസ് ഖുറേഷിയാണ് അഭിമാന നേട്ടം കരസ്ഥമാക്കിയത്.
ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് ഇംതിയാസ് ഖുറേഷി. തീമാറ്റിക് എക്സിബിഷനിൽ ‘സ്റ്റാമ്പ് ഫ്രഒ എക്സ്പോ 2020’ എന്ന തലക്കെട്ടിലാണ് ഇംതിയാസ് സ്റ്റാമ്പുകൾ പ്രദർശിപ്പിച്ചത്. സ്റ്റാമ്പ്, നാണയ ശേഖരത്തിൽ തൽപരനായ ഇംതിയാസ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി ഈ മേഖലയിൽ സജീവ സാന്നിധ്യമാണ്. 150ലധികം രാജ്യങ്ങളിൽ നിന്നുള്ള അപൂർവ സ്റ്റാമ്പുകളും നാണയങ്ങളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. വ്യത്യസ്ത വസ്തുക്കളിൽ നിർമിച്ച അപൂർവ സ്റ്റാമ്പുകളുടെ വലിയ ശേഖരം തന്നെ ഇദ്ദേഹം സൂക്ഷിക്കുന്നുണ്ട്.
എക്സിബിഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാനും പ്രമുഖ ഇമാറാത്തി എഴുത്തുകാരനുമായ അബ്ദുൽ അസീസ് അബ്ദുറഹ്മാൻ അൽമുസല്ലമിൽ നിന്ന് ഇംതിയാസ് അവാർഡ് ഏറ്റുവാങ്ങി. ഇമാറാത്തി ഫിലാറ്റലിക് അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല ഖൂരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഷാർജ ഇന്റർനാഷനൽ മറൈൻ ക്ലബ് ചെയർമാനും ഷാർജ ദേശീയ ദിന ആഘോഷങ്ങളുടെ തലവനുമായ ഖാലിദ് ജാസിം സെയ്ഫ് അൽ മിദ്ഫയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.