ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്ച്ചാല് സ്വദേശിനിക്ക് 2.37 കോടി രൂപ (10 ലക്ഷം ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്കാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ റഹ്മത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സീബ്രലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന് ഓടിച്ച നിസാൻ പട്രോൾ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിന് റഹ്മത്തും ഉത്തരവാദിയാണെന്ന് പൊലീസും കോടതിയും കണ്ടെത്തി. അപകടത്തിൽ യുവതിക്ക് തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചതിനെ തുടർന്ന് ദുബൈ റാശിദിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, യു.എ.ഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു.
തുടർന്ന് ദുബൈയിലെ പ്രമുഖ ലീഗൽ സർവിസ് സ്ഥാപനത്തിന്റെ സഹായത്തിൽ റഹ്മത്ത് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി, റഹ്മത്ത് ബീക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകൾ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ എതിർ ഭാഗം അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.