അബൂദബി: താജ്മഹലിന്റെ ഫോട്ടോ പകർത്തിയ മലയാളി ഫോട്ടോഗ്രാഫർക്ക് ഒരു ലക്ഷം ദിർഹം (23.5 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ടി.എ. അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നടത്തിയ ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം നേടിയത്. മോസ്ക്സ് ആൻഡ് മസ്ജിദ് വിഭാഗത്തിലാണ് പുരസ്കാരം.
കഴിഞ്ഞ ദിവസം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ നടന്ന ചടങ്ങിൽ യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസില്‍നിന്ന് അന്‍വർ സാദത്ത് പുരസ്കാരം ഏറ്റുവാങ്ങി.
2024ല്‍ പെരുന്നാൾ ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ ‘ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍’ എന്ന ചിത്രം അന്‍വർ പകർത്തിയത്. 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഗുരുവായൂർ സ്വദേശി അരുൺ തരകന് നരേറ്റീവ് വിഭാഗത്തിലും വളാഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂറിന് ഡിജിറ്റൽ ആർട്ടിലും രണ്ടാം സമ്മാനമായ 50,000 ദിർഹം (11.70 ലക്ഷം രൂപ) ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.