ദുബൈ: അടിയന്തര മെഡിക്കൽ ദൗത്യങ്ങളിൽ നിർണായക ചുവടുവെപ്പാകുന്ന ദീർഘ ദൂര എയർ ആംബുലൻസ്​ അവതരിപ്പിച്ച്​ യു.എ.ഇ. മലയാളി കമ്പനിയാണ്​ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ലോകത്തിന്‍റെ ഏത്​ കോണിലേക്കും പറന്നെത്താൻ ശേഷിയുള്ള ദീർഘദൂര എയർ ആംബുലൻസ്​ അവതരിപ്പിച്ചത്​.

അബൂദബിയിൽ നടക്കുന്ന മേക്ക്​ ഇറ്റ്​ ഇൻ ദി എമിറേറ്റ്​സ്​ എക്സിബിഷനിൽ റെസ്​പോൺസ്​ പ്ലസ്​ ഹോൾഡിങ്​ (ആർ.പി.എം) ആണ് ‘ചലഞ്ചർ 605’ എന്ന പേരിൽ​ ഐ.സി.യു സൗകര്യങ്ങളോട്​​ കൂടിയ അത്യാധുനിക എയർ ആംബുലൻസ്​ സർവിസ്​ പ്രഖ്യാപിച്ചത്​​. 4000 നോട്ടിക്കൽ ​മൈൽ (74,00 കിലോമീറ്റർ) ദൂരം വരെ നിർത്താതെ പറന്നെത്താൻ ശേഷിയുള്ളതാണ്​ ആംബുലൻസ്.

അതിഗുരതരാവസ്ഥിയിലുള്ള രോഗികളെ യു.എ.ഇയിൽ നിന്ന്​ യാത്ര തടസ്സങ്ങളില്ലാതെ യു.സിലോ യൂറോപ്പിലോ ഏഷ്യയിലോ ഉള്ള ഏത്​ ആശുപത്രികളിലേക്കും കൊണ്ടുപോകാൻ എയർ ആംബുലൻസിന്​ സാധിക്കുമെന്ന്​ റെസ്​പോൺസ്​ പ്ലസ്​ ഹോഡിങ്​ സി.ഇ.ഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. നിലവിൽ 350 ലധികം ആംബുലൻസുകൾ​ കമ്പനി രാജ്യത്ത്​ പ്രവർത്തിപ്പിച്ച്​ വരുന്നുണ്ട്​. കൂടാതെ എണ്ണ, വാതകം മുതൽ നിർമാണം, വ്യോമയാനം വരെയുള്ള യു.എ.ഇയിലെ ഏറ്റവും നിർണായകമായ വ്യവസായ മേഖലകളിലായി 420ലധികം ജീവനക്കാരും 3000ത്തിലധികം മെഡിക്കൽ പ്രഫഷനലുകളും ജോലി ചെയ്യുന്നുണ്ട്​. ഓരോ വർഷവും 600ത്തിലധികം പരിപാടികളെ പിന്തുണക്കുകയും ഹെലികോപ്​റ്റർ ഉപയോഗിച്ച്​ 1000ത്തിലധികം അടിയന്തര മെഡിക്കൽ ദൗത്യങ്ങളും നടത്തിയതായി അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ കാലയവളവിനുള്ളിൽ 158 മണിക്കൂർ വിമാനം പറന്നുകഴിഞ്ഞു. എ.ഐ സാ​ങ്കേതികവിദ്യകളും ഇതിൽ പ്രധാനമാണ്​. സ്മാർട്ട്​ ഡിസ്പാച്ച്​ സംവിധാനം, തൽസമയ വിമാന ട്രാക്കിങ്, ആരോഗ്യ വിശകലന സംവിധാനങ്ങൾ​ എന്നിവ പ്രതികരണ സമയം കുറക്കുകയും രോഗിയുടെ ആരോഗ്യനില കൂടുതൽ ഗുരുതമാകുന്നതിന്​ മുമ്പ്​ തിരിച്ചറിയാനും സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തര വിദഗ്​ധ ചികിത്സ ആവശ്യമുള്ള രോഗികളെ സംബന്ധിച്ച്​ ദീർഘദൂര എയർ ആംബുലൻസ്​ സംവിധാനം വലിയ സഹായമാവുമെന്നാണ്​ വിലയിരുത്തൽ. ഗസ്സയിൽ നിന്നുൾപ്പെടെ അടിയന്തര ഘട്ടങ്ങളിലുള്ള രോഗികളെ അബൂദബിയിലും മറ്റും എത്തിക്കുന്നതിന്​ എയർ ആംബുലൻസ്​ ഉപയോഗിക്കാനാകും. 

Tags:    
News Summary - Malayali company with flying ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.