ദുബൈ: കേരളത്തിൽ നിന്ന് ദുബൈയിലേക്ക് നാല് മണിക്കൂറാണ് യാത്രാ സമയം. എന്നാൽ, കണ്ണൂർ കണ്ണോത്തുംചാൽ ദാറുൽഫലയിൽ സഹദ് സത്താറിെൻറ മക്കളായ ബിലാലും ബാസിലും കോഴിക്കോട്ട് നിന്ന് ദുബൈയിലെത്താൻ യാത്ര ചെയ്തത് 46 മണിക്കൂർ. 22ന് രാത്രി കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് ഡൽഹിയും അമേരിക്കയും താണ്ടിയ മാരത്തൺ യാത്രക്കൊടുവിൽ വെള്ളിയാഴ്ച രാത്രി 7.30നാണ് ഇരുവരും ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. 2000 ദിർഹം ചെലവുവരുന്ന യാത്രക്ക് ചെലവായതാവട്ടെ 12,400 ദിർഹവും. നാട്ടിൽ കുടുങ്ങിപ്പോയ മക്കളെ പെരുന്നാളിന് മുൻപ് യു.എ.ഇയിലെത്തിക്കുന്നതിനാണ് മെയ്ദാൻ ഗ്രൂപ്പ് ട്രാവൽ മാനേജർ സഹദ് സത്താർ അമേരിക്ക വഴി യാത്രയൊരുക്കിയത്.
ഇന്ത്യയിൽ നിന്ന് റസിഡൻറ് വിസയുള്ളവർക്ക് മാത്രമാണ് യു.എ.ഇയിേലക്ക് പ്രവേശനാനുമതി. എന്നാൽ, അമേരിക്കയിൽ നിന്ന് വിസിറ്റിങ് വിസക്കാർക്ക് യു.എ.ഇയിൽ എത്തുന്നതിന് തടസമില്ല. ഇത് മുന്നിൽ കണ്ടാണ് മക്കളെ വിസിറ്റിങ് വിസയിൽ ദുബൈയിൽ എത്തിക്കാൻ സഹദ് പദ്ധതിയിട്ടത്. രണ്ട് വർഷം മുൻപ് കുടുംബത്തിലെ എല്ലാവർക്കും അമേരിക്കൻ വിസ എടുത്തുവെച്ചതും ഗുണം ചെയ്തു. 22ന് രാത്രി എട്ടിന് കോഴിക്കോട്ടു നിന്ന് എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയുടെ തുടക്കം. 11ന് ഡൽഹിയിൽ എത്തി. അവിടെ നിന്ന് പുലർച്ച 2.20ന് ഷിക്കാഗോയിലേക്ക്. 15 മണിക്കൂർ വേണ്ടി വന്നു ഷിക്കാഗോ വിമാനത്താവളത്തിൽ എത്താൻ.
അമേരിക്കൻ സമയം രാവിലെ ഏഴിനാണ് അവിടെ എത്തിയത്. അമേരിക്കയിൽ ടൂറിസ്റ്റുകൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല. എന്നാൽ, പത്ത് മണിക്കൂറിന് ശേഷമായിരുന്നു അവിടെ നിന്ന് അടുത്ത വിമാനം. എയർപോർട്ടിലെ ഹോട്ടലിൽ തങ്ങിയ ശേഷം രാത്രി 8.45നു എമിറേറ്റ്സ് ഫ്ലൈറ്റിൽ ദുബൈയിലേക്ക് പറന്നു. ഒടുവിൽ, വെള്ളിയാഴ്ച രാത്രി 7.30നാണ് ഉപ്പയുടെയും ഉമ്മയുടെയും അടുക്കലേക്ക് ഇരുവരും പറന്നിറങ്ങിയത്.
കോഴിക്കോട് കുറ്റിച്ചിറ ഗവ. ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായ ബിലാൽ ബിൻ സഹദും ആലത്തിയൂർ ദാറുൽ ഖുർആനിൽ നിന്ന് എസ്.എസ്.എൽ.സി പാസായ ബാസിൽ ബിൻ സഹദും ഹിഫ്ദ് (ഖുർആൻ മനപാഠമാക്കൽ) വിദ്യാർഥികൾ കൂടിയാണ്. ഇരുവരും ഖുർആെൻറ പകുതിയോളം മനപാഠമാക്കി കഴിഞ്ഞു. അമേരിക്കൻ വിസ എടുത്തിരുന്നെങ്കിലും ആദ്യമായാണ് അമേരിക്കയിൽ എത്തിയത്. 96 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തിയതിെൻറ ഫലം വേണമെന്നാണ് യു.എ.ഇയുടെ നിബന്ധന.
കോഴിക്കോട്ട് നടത്തിയ കോവിഡ് പരിശോധന ഫലത്തിെൻറ സമയപരിധി അവസാനിക്കാത്തതിനാൽ ദുബൈ വിമാനത്താവളത്തിൽ പരിശോധനയും ആവശ്യമായി വന്നില്ല. എങ്കിലും, മുൻകരുതൽ എന്ന നിലയിൽ ഒരാഴ്ചാ ഫ്ലാറ്റിനടുത്തുള്ള ഹോട്ടൽ അബ്ജാദ് ഗ്രാൻഡിൻ ക്വാറൻറീനിൽ കഴിയുകയാണ് ഇരുവരും. മാതാവ് നാദിയയും ഇളയ സഹോദരങ്ങളായ മറിയം, അമ്മാർ, സൈനബ്, സാറാ എന്നിവരും ദുബൈയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.