മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അധ്യാപിക സുജ സവിധത്തെ മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി ഉപഹാരം നൽകി ആദരിക്കുന്നു
അബൂദബി: മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച മലയാളം മിഷൻ അബൂദബി ചാപ്റ്റർ അധ്യാപിക സുജ സവിധത്തെ ആദരിച്ചു. ‘പ്രക്ഷേപണം: ഉത്തരമാനവികതയും സംസ്‌കാര നിർമിതിയും’ എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
അബൂദബി കേരള സോഷ്യൽ സെന്‍ററിൽ നടന്ന ചടങ്ങിൽ ഡോ. സുജ സവിധത്തിന് മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി ഉപഹാരം സമ്മാനിച്ചു. കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി, മലയാളം മിഷൻ ചാപ്റ്റർ ചെയർമാൻ എ.കെ ബീരാൻകുട്ടി, മേഖല കോർഡിനേറ്റർമാരായ പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗവേഷക, മാധ്യമപ്രവർത്തക, കവയിത്രി എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സുജ. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് എം.എ.യും, 2016ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് മലയാളം ഭാഷാശാസ്ത്രത്തിൽ എം.ഫിലും നേടി. ‘പൊഴിയാൻ തണൽ തേടുന്ന മഴ വേരുകൾ’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് സ്വദേശി സുരേഷ് കുമാർ സവിധത്തിന്‍റെയും സതി ശങ്കരാടിയുടെയും മകളായ സുജ ഭർത്താവ് ധനിൽ കണ്ടമ്മാട്ടിലിനോടും മകൾ ധ്വനിയോടുമൊപ്പം അബൂദബിയിൽ താമസിക്കുന്നു. നിലവിൽ മലയാളം മിഷൻ ഷാബിയ മേഖലയിൽ കണിക്കൊന്ന അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.