ദുബൈ: മലയാളം മിഷൻ ചാപ്റ്റർതല പി.ടി.എ യോഗങ്ങളുടെ ഉദ്ഘാടനം മലയാളം മിഷൻ വൈസ് ചെയർമാനും സാംസ്കാരിക മന്ത്രിയുമായ സജി ചെറിയാൻ നിർവഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ പി.ടി.എ യോഗത്തോടെയാണ് ഉദ്ഘാടന പരിപാടി നടന്നത്. വരും ദിവസങ്ങളിൽ മറ്റ് ചാപ്റ്ററുകളിലെയും യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് അറിയിച്ച മന്ത്രി, ഫെബ്രുവരിയിൽ എല്ലാ ചാപ്റ്ററുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത പി.ടി.എ യോഗം നടത്തുമെന്നും വ്യക്തമാക്കി.
മലയാളം മിഷൻ വിദ്യാർഥികൾക്കായി ആഗോളതലത്തിൽ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ കഴിയുന്ന കുട്ടികളെ ഒരുമിപ്പിക്കാനും സൗഹൃദവും സഹവാസവും വളർത്താനും ഇത് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഫലേച്ഛയില്ലാതെ മലയാളഭാഷയുടെ പ്രചാരണത്തിനായി ലോകമെമ്പാടും പ്രവർത്തിക്കുന്ന മലയാളം മിഷൻ അധ്യാപകരെ സർക്കാർ ആവശ്യമായ രീതിയിൽ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ, അംബു സതീഷ്, പ്രദീപ് തോപ്പിൽ, ഫിറോസിയ, സ്വപ്ന സജി, സന്ധ്യ, ജിസ്സ മേരി, സുരേഷ് നാട്ടിൻചിറ, ദീപ പ്രശാന്ത് എന്നിവർ അധ്യാപകരെ പ്രതിനിധീകരിച്ച് സംസാരിച്ചു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് മുഹമ്മദ് സിഞ്ചു, അജാസ്, ധന്യ പ്രമോദ്, നുസ്രത്, സഞ്ജീവ് തുടങ്ങിയവരും അഭിപ്രായങ്ങൾ പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ 400ഓളം പേർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.