മലയാളം മിഷൻ സേവനത്തിൽ അഞ്ച് വർഷം പൂർത്തിയാക്കിയ മുതിർന്ന അധ്യാപിക
സ്വപ്ന സജിയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ ക്ലസ്റ്റർ മീറ്റിങ്ങും ഓണാഘോഷവും ദുബൈ ആപ്പിൾ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്തു.
സർഗോത്സവം 2024 ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടന്നു. തുടർന്ന് മിഷന്റെ അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങ് നടത്തി. മലയാളം മിഷൻ സേവനത്തിൽ അഞ്ചു വർഷം പൂർത്തിയാക്കിയ മുതിർന്ന അധ്യാപിക സ്വപ്ന സജിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ക്ലാസ് റൂം സെഷനുകൾ അധ്യാപകരായ സർഗ റോയ്, ശ്രീകല, ബാബുരാജ്, സുഭാഷ് എന്നിവർ നയിച്ചു. ഓണപ്പാട്ട്, തിരുവാതിര, ഗാനമേള, ചെണ്ടമേളം, ഓണസദ്യ, വ്യത്യസ്ത രീതിയിൽ ഒരുക്കിയ ഓണക്കളികൾ എന്നിവയോടെ സംഘടിപ്പിച്ച ഓണാഘോഷത്തിൽ ഭാഷാധ്യാപകരും വിവിധ കല-സാംസ്കാരിക സംഘടന പ്രവർത്തകരും ഭാഗമായി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ എന്നിവർ സന്നിഹിതരായിരുന്നു. ഭാരവാഹികളായ അംബു സതീഷ്, സി.എൻ.എൻ. ദിലീപ്, ചാപ്റ്റർ വൈസ് ചെയർമാൻ ഷിജു നെടുമ്പ്രത്ത്, സിജി ഗോപിനാഥൻ, നജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.