ഷാർജ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ നടതുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, മലയാളമടക്കമുള്ള ഇന്ത്യൻ അക്ഷരങ്ങളുടെ കുടമാറ്റം നടക്കുന്ന ഏഴാം നമ്പർ ഹാളിലും ഒരുക്കൾ തകൃതി. വ്യത്യസ്ത വർണങ്ങളിലുള്ള പവലിയനുകളാണ് ഇത്തവണ ഏഴാം നമ്പർ ഹാളിൽ തീർത്തിട്ടുള്ളത്. പ്രസാധകരുടെ പവലിയനുകൾക്കിടയിലെ വരാന്തക്ക് ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. ഇത് പുസ്തകം വാങ്ങാനെത്തുന്നവർക്ക് കൂടുതൽ സൗകര്യമാകും. ശിൽപശാലകളും മറ്റും നടക്കുന്ന കിയോസ്കുകൾക്ക് ഗ്രാമങ്ങളിലെ ഒറ്റമുറി വീടുകളുടെ ചന്തമാണ് നൽകിയിരിക്കുന്നത്. ഹരിത നിറത്തിൽ നിന്ന് തുടങ്ങുന്ന കിയോസ്ക്കുകൾ ഹാളിന് മാരിവിൽ ചന്തം പകരുന്നു. മേൽകൂരയിൽ വിവിധ ഭാഷകളിൽ നിന്നുള്ള ലിപികളുടെ അലങ്കാരവും തീർത്തിട്ടുണ്ട്.
താത്ക്കാലികമായി തീർത്ത ഹാളിലേക്ക് പ്രവേശിക്കാനുള്ള വിശാലമായ ഇടനാഴികയിലും അക്ഷരകാന്തി തന്നെ. പകൽ വെളിച്ചത്തിനും നിലാവിനും ഹാളിലേക്ക് ഏത് സമയത്തും കടന്ന് വരാം. അപകടങ്ങൾ നടന്നാൽ പുറത്തിറങ്ങാൻ നാല് കവാടങ്ങളാണ് തീർത്തിട്ടുള്ളത്. എന്നാൽ ഇവയിലുടെ സാധാരണ പോക്ക് വരവുകൾ അനുവദിക്കില്ല. പ്രശസ്തരും തുടക്കകാരുമായ എഴുത്തുകാരുടെ വൻനിര തന്നെ വരാനിരിക്കെ, ഇക്കുറി സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സാഹിത്യത്തിനോടൊപ്പം തന്നെ ഇക്കുറി സംഗീതത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഗൾഫ് വേദികളെ ഇശലുകൾ കൊണ്ട് ലങ്കി മറിച്ച എരഞ്ഞോളി മൂസ ആദ്യമായിട്ടാണ് പുസ്തകോത്സവത്തിൽ പാടാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.