യു.എ.ഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ
സായിദ് ആൽ നഹ്യാനൊപ്പം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി
അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യു.എ.ഇ-ഇറ്റലി ബിസിനസ് ഫോറത്തിൽ പങ്കെടുത്ത് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. യു.എ.ഇയുടെ വാണിജ്യ പ്രതിനിധി സംഘാംഗമെന്ന നിലയിലാണ് യൂസുഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചത്.
യൂറോപ്യൻ യൂനിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോഒാപറേറ്റിവ് അഗ്രിക്കോളയുമായി ലുലു ഗ്രൂപ് ബിസിനസ് ഫോറത്തിൽ ധാരണപത്രം കൈമാറി. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണനം ചെയ്യും.
മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്. എം.എ. യൂസുഫലിയും സൊസൈറ്റി കോഒാപറേറ്റിവ് എക്സിക്യൂട്ടിവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ വെച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ ധാരണപത്രം കൈമാറിയത്.
ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി എന്നിവർ ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.