ദുബൈ: ലോകോത്തര ഭംഗിയിൽ തയ്യാറാക്കിയ ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ ജി.സി.സിയിലെ പ്രബല വാണിജ്യ ഗ്രൂപ്പായ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. 55000 ചതുരശ്ര അടി വിസ്തൃതിയിൽ മികച്ച സൗകര്യങ്ങളോടെ 2019 ജനുവരിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. സമ്പൂർണമായി ശീതീകരിച്ച് കച്ചവടക്കാർക്ക് ഉൽപന്നങ്ങൾ പുതുമയോടെ സൂക്ഷിക്കാൻ സൗകര്യമൊരുക്കിയും അന്താരാഷ്ട്ര നിലവാരത്തിൽ ശുചിത്വം പരിപാലിച്ചും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സാധ്യമാക്കിയും ശ്രദ്ധനേടിയ വാട്ടർഫ്രണ്ട് മാർക്കറ്റ് ലുലു ഹൈപ്പർമാർക്കറ്റിെൻറ വരവോടെ ലോക ഷോപ്പിങ് ഭൂപടത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമാവും.
ഒരു മേൽക്കൂരക്കു കീഴിൽ ഉപഭോക്താക്കൾക്ക് വേണ്ടതെല്ലാം നൽകാൻ ശ്രദ്ധിച്ചു വരുന്ന ഇവിടം കുടുംബങ്ങൾക്ക് ഇണങ്ങുന്ന ഷോപ്പിങ് കേന്ദ്രമാക്കി മാറ്റുന്നതിൽ ലുലുവുമായുള്ള പങ്കാളിത്തം സുപ്രധാന നീക്കമായി മാറുമെന്ന് വാട്ടർ ഫ്രണ്ട് മാർക്കറ്റിെൻറ ഉടമാവകാശമുള്ള ഇത്ര ഗ്രൂപ്പ് സി.ഇ.ഒ ഇസ്സം ഗലദാരി പറഞ്ഞു.
ആഗോളതലത്തിൽ സുപ്രധാനമായ മേഖലകളിൽ നിക്ഷേപം നടത്തി വരുന്ന ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ വൈവിധ്യമാർന്ന വിപണിയിൽ ഏറ്റവും മികച്ച സേവനം ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും വാട്ടർ ഫ്രണ്ട് മാർക്കറ്റുമായുള്ള പങ്കാളിത്തം അതിന് ഏറെ സഹായകമാകുമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസുഫലി എം.എ പറഞ്ഞു. ആദ്യകാല ഷോപ്പിങ് സെൻറർ സ്ഥാപിച്ച ദേറയുടെ ഹൃദയഭാഗത്ത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ ലുലുവിന് ഏറെ സന്തോഷമുണ്ട്. അണ്ടർഗ്രൗണ്ടിലും ഗ്രൗണ്ടിലുമായി പാർക്കിങ് സൗകര്യം, ഫാർമസി, ഭക്ഷണശാലകൾ, ബാങ്ക്, മണി എക്്സ്ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളും വിശാലമായ പഴം^പച്ചക്കറി^മത്സ്യ^മാംസ വിപണിയുമുള്ള വാട്ടർഫ്രണ്ട് മാർക്കറ്റ് ലുലു എത്തുന്നതോടെ സമ്പൂർണമായ മാളായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.