നിക്ഷേപകർക്ക്​ 867 കോടി ലാഭവിഹിതം പ്രഖ്യാപിച്ച്​ ലുലു

അബൂദബി: ഈ വർഷം ആദ്യ പകുതിയിൽ 36,000 കോടി രൂപയുടെ(4.1ശതകോടി ഡോളർ) വരുമാനം നേടിയ ലുലു, നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 ദശലക്ഷം ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 9.9 ശതമാനം വളർച്ചയോടെ 1,200 കോടി രൂപയോളം(127ദശലക്ഷം ഡോളർ) അറ്റാദായം ലുലു റീട്ടെയ്ൽ സ്വന്തമാക്കി. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്​. യു.എ.ഇയിൽ 9.4 ശതമാനം വളർച്ചയും സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ച ലുലുവിനുണ്ടായി.

ഈ വർഷം രണ്ടാം പാദത്തിൽ 4.6 ശതമാനം അധിക വളർച്ചയും നേടാനായിട്ടുണ്ട്​. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ(575ദശലക്ഷം ഡോളർ) നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ(ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്. 952 കോടി രൂപയുടെ (108ദശലക്ഷം ഡോളർ) നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്സിനുണ്ട്.

2025ലെ ആദ്യ പകുതിയിൽ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയിൽ നാല് പുതിയ സ്റ്റോറുകളും ഉൾപ്പടെ 11 സ്റ്റോറുകൾ ഈ വർഷം തുറന്നിട്ടുണ്ട്​. 9 പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 10ലക്ഷം പുതിയ അംഗങ്ങളോടെ 73ലക്ഷം പേർ ഹാപ്പിനെസ് പ്രോഗ്രാമിൽ അംഗങ്ങളായി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.


Tags:    
News Summary - Lulu announces dividend of Rs 867 crore to investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.