പരക്കട്ടെ, ഈദിന്‍റെ സൗരഭ്യം

ദുബൈ: വിശുദ്ധിയുടെയും ത്യാഗത്തിന്റെയും സ്മരണകൾ പുതുക്കി വീണ്ടുമൊരു ഈദുൽ അദ്ഹ. പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും മലയാളിക്ക്​ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും മധുരവേളകളാണ്​ ഓരോ പെരുന്നാളും. ഗൾഫ് നാടുകളിലും ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ബലി പെരുന്നാളിനെ വരവേൽക്കുന്നത്. അറഫയില്‍ ഒരുമിച്ച് കൂടിയ തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വ്രതമെടുത്ത വിശ്വാസികള്‍ ഇന്ന് ഈദ് മുസല്ലയിലെത്തെും. പ്രാര്‍ഥനകള്‍ക്ക് ശേഷം കുടുംബസംഗമങ്ങളും വിനോദ പരിപാടികളുമായി ഈദ് അവധി ദിനങ്ങള്‍ അവര്‍ ആഹ്ളാദകരമാക്കും. സര്‍ക്കാര്‍ വകുപ്പുകളും ടൂറിസം കേന്ദ്രങ്ങളും ഷോപ്പിങ്​ മാളുകളും ചേര്‍ന്ന് വിപുല ആഘോഷ പരിപാടികള്‍ പല കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരത്തോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് പിറകെ കുടുംബ സന്ദര്‍ശനങ്ങളും വിരുന്നുകളും കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സജീവമാകും.

ആഹ്ലാദാരവങ്ങളിലേക്ക് വടക്കന്‍ എമിറേറ്റുകള്‍

റാസല്‍ഖൈമ: ബലിപെരുന്നാളിന്‍റെ ആഘോഷച്ചൂടിലേക്ക് വടക്കന്‍ എമിറേറ്റുകള്‍. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ഈദുല്‍ അദ്ഹ ഷോപ്പിംഗ് മേളകള്‍ ഇന്ന് പുലര്‍ച്ചെ വരെ തുടര്‍ന്നു.

ഷാര്‍ജയില്‍ കുടുംബ സൗഹൃദ -സാംസ്കാരിക പരിപാടികള്‍ക്കാണ് പ്രാധാന്യം. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ കടല്‍ത്തീര വിനോദ സഞ്ചാരക കേന്ദ്രങ്ങള്‍ സജീവമാകും. അവധി സമയം ചെലവഴിക്കാന്‍ ഫുജൈറയിലെ വിനോദ കേന്ദ്രങ്ങളില്‍ ഒട്ടേറെ സന്ദര്‍ശകരെത്തും.

റാസല്‍ഖൈമ മനാര്‍ മാളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ ‘ഈദുക്കും ഫര്‍ഹ വഅമന്‍’ എന്ന പ്രത്യേക ആഘോഷ പരിപാടി നടക്കുമെന്ന് റാക് പൊലീസ് മീഡിയ ആൻഡ്​ പബ്ളിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. ‘നിങ്ങളുടെ ഈദ്, സന്തോഷവും സുരക്ഷയും നിറഞ്ഞതാകട്ടെ’ എന്ന ചടങ്ങില്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വാദനത്തിനുള്ള വിനോദ-സാംസ്കാരിക പരിപാടികള്‍ നടക്കും.

സാംസ്കാരിക മത്സരങ്ങള്‍, വിനോദ പരിപാടികള്‍, റാക് പൊലീസ് മ്യൂസിക് ബാന്‍ഡിന്‍റെ സംഗീതാവതരണം, ദൃശ്യാവിഷ്കാരം എന്നിവക്കൊപ്പം പങ്കെടുക്കുന്നവര്‍ക്ക് വിവിധ സമ്മാന വിതരണവും നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആശംസ നേർന്ന്​ ദുബൈ പൊലീസ്

ദുബൈ: ഈദുൽ അദ്​ഹ പ്രമാണിച്ച് യു.എ.ഇ നേതൃത്വത്തിനും ജനങ്ങൾക്കും ദുബൈ പോലീസ്​ഹൃദയം നിറഞ്ഞ ആശംസകളും പ്രാർഥനകളും നേർന്നു.

യു.എ.ഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്​തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ്​ മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ, സുപ്രീം കൗൺസിൽ അംഗങ്ങൾ, എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർക്കൊപ്പം യു.എ.ഇയിലെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും ദുബൈ പൊലീസ്​ ബലി പെരുന്നാൾ ആശംസ അറിയിച്ചു.

Tags:    
News Summary - Let the fragrance of Eid spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.